ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ ഒരുങ്ങുന്നു; ദേശീയമാധ്യമങ്ങളിലാണിത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് കെജ്രിവാള്‍ രാജിവെക്കുന്നത് എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെജ്രിവാളിനെ രംഗത്തിറക്കാനാണത്രെ പാര്‍ട്ടി തീരുമാനം. കെജ്രിവാളിന്റെ അഭാവത്തില്‍ സീനീയര്‍ നേതാവ് മനീഷ് സിസോദിയ ആയിരിക്കും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കെജ്രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് സിസോദിയ. 2017 ലാണ് പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ദില്ലി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള 4 എം പിമാരും പഞ്ചാബില്‍ നിന്നാണ്. എന്നാല്‍ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു എന്ന തരത്തിലുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് അശുതോഷ് ഇക്കാര്യം പറഞ്ഞത്. പഞ്ചാബിലെ അകാലിദളും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയെ എത്ര ഭയക്കുന്നു എന്നതിന് തെളിവാണ് ഈ പ്രചാരണങ്ങള്‍ എന്നും അശുതോഷ് പറഞ്ഞു. അതേസമയം ഈ റിപ്പോര്‍ട്ടുകളെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ് ചെയ്തത്. സിഖുകാരനല്ലാത്ത, ഹരിയാനക്കാരനായ ഒരാള്‍ പഞ്ചാബില്‍ എന്ത് ചെയ്യാനാണ്. അയാള്‍ തോറ്റുപോകും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് പറഞ്ഞു. എന്ന ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ദല്‍ഹി ജനത.

© 2024 Live Kerala News. All Rights Reserved.