പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജു രാധാകൃഷ്ണന്‍; സിഡി മാറ്റിയത് ആരാണെന്ന് ഊഹിക്കാം; ബിജുവിനെ കമ്മീഷന്‍ ഓഫിസില്‍ ഹാജരാക്കി

കൊച്ചി: സിഡി തേടല്‍ യാത്രയ്ക്കുശേഷം ഇന്നലെ എറണാകുളം സബ്ജയിലില്‍ എത്തിച്ച സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന്‍ ഓഫിസില്‍ രാവിലെ ഹാജരാക്കി.പറഞ്ഞത് നൂറുശതമാനവും സത്യമാണെന്നും, തെളിവ് വെച്ചിരുന്ന സ്ഥലത്ത് തന്നെയാണ് താന്‍ പോയതെന്നും, സിഡികള്‍ മാറ്റിയത് ആരാണെന്ന് ഊഹിക്കാമെന്നുമാണ് രാവിലെ ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്നെക്കാള്‍ അധികാരമുളളവര്‍ പുറത്തുണ്ടല്ലോയെന്നും കമ്മീഷന്‍ അനുവദിച്ചാല്‍ അടുത്ത സിറ്റിംഗില്‍ സിഡികള്‍ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായി ആരോപിക്കപ്പെട്ട ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പറയപ്പെടുന്ന സിഡികള്‍ പിടിച്ചെടുക്കുവാന്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ഇന്നലെ പ്രത്യേക സംഘം കോയമ്പത്തൂരിലെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി അടക്കം ആറു പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചശേഷം അതിന്റെ തെളിവുകളുമായിട്ടായിരിക്കും വ്യാഴാഴ്ച്ച ഹാജരാകുക എന്ന് പറഞ്ഞിരുന്നെങ്കിലും വെറും കൈയ്യോടെയാണ് എത്തിയത്.

സിഡികള്‍ കേരളത്തിന് പുറത്താണെന്നും മൂന്ന് പകര്‍പ്പുകളുണ്ടെന്നും ബിജു കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. തെളിവുകള്‍ ഇന്ന് തന്നെ നല്‍കാമെന്നും കാറില്‍ പോകാന്‍ അനുവദിച്ചാല്‍ പത്ത് മണിക്കൂറിനകം ഹാജരാക്കാമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നത് വൈകിപ്പിക്കാനാവില്ലെന്ന് അറിയിച്ച കമ്മിഷന്‍ തുടര്‍ന്ന് സിഡികള്‍ പിടിച്ചെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രതിനിധികളും ബിജു രാധാകൃഷ്ണനും പൊലീസുകാരും അടങ്ങുന്ന സംഘം കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചതും, വെറുംകൈയോടെ മടങ്ങിയെത്തിയതും.

courtesy southlive.in

© 2024 Live Kerala News. All Rights Reserved.