പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിലടിപ്പിക്കുന്നത് ഇന്ത്യ; സമാധാന ചര്‍ച്ചകള്‍ പലതും ഇടങ്കോലിട്ട് ഇന്ത്യ നശിപ്പിച്ചെന്നും പാക് മുന്‍ ആഭ്യന്ത്രമന്ത്രി റഹ്മാന്‍ മാലിക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിലടിപ്പിച്ച് കാര്യം നേടുന്നത് ഇന്ത്യയാണെന്നും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പലതും ഇന്ത്യ ഇടങ്കോലിട്ട് നശിപ്പിച്ചെന്നും പാക് മുന്‍ ആഭ്യന്ത്രമന്ത്രി റഹ്മാന്‍ മാലിക്. അഫ്ഗാനിസ്ഥാന്‍ ശാന്തമായെങ്കില്‍ മാത്രമെ പാകിസ്ഥാനില്‍ സമാധാനം ഉണ്ടാകുകയുള്ളു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നത് ഇന്ത്യന്‍ നേതൃത്വവും രഹസ്യാന്വേഷണ ഏജന്‍സികളും ആഗ്രഹിക്കുന്നില്ലെന്നും റഹ്മാന്‍ മാലിക് ആരോപിച്ചു. നിലവില്‍ സെനറ്റ് സ്റ്റാന്റിംഗ് കമ്മറ്റിയി ചെയര്‍മാനാണ് റഹ്മാന്‍ മാലിക്. ബലൂചിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയാണ് റഹ്മാന്‍ മാലിക്കിന്റെ ആരോപണം. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് മന്ത്രിതലയോഗമായ ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’യില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സുഷമാ സ്വരാജിന്റെ പാക് സന്ദര്‍ശനം. പാകിസ്താന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ സുഷമാ സ്വരാജിനെ കാണിക്കണമെന്നും റഹ്മാന്‍ മാലിക് ആവശ്യപ്പെട്ടു. പാക്-അഫ്ഗാന്‍ ബന്ധം ഊഷ്മള ബന്ധം തുടരുന്നതില്‍ ഇന്ത്യ വെല്ലുവിളിയായിരിക്കുകയാണെന്നും അദേഹം പറഞ്ഞു.