നൗഷാദ് മുമ്പും രണ്ടുതവണ ജീവന്‍പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു; കുഞ്ഞ് തിരയില്‍പ്പെട്ടപ്പോള്‍ എടുത്തുചാടിയും കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചപ്പോള്‍ യാത്രക്കാരെ രക്ഷിച്ചപ്പോഴും നൗഷാദിനെ ആരും മണ്ടനെന്ന് വിളിച്ചില്ല

കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെയും കുടുംബത്തെയും അപമാനിച്ചവര്‍ ഇത് കൂടി അറിയുക. മനുഷ്യത്വമുള്ള നൗഷാദിനെയും ശ്രീധരേട്ടനെയുംപോലുള്ള കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളെക്കുറിച്ച് അറിയാത്തവര്‍ ചിലതൊക്കെ മനസ്സിലാക്കുകതന്നെ വേണം. കാപ്പാട് ബീച്ചില്‍ കുഞ്ഞ് തിരയില്‍പ്പെട്ടപ്പോള്‍ കുടുംബത്തോടൊപ്പം ബീച്ച് കാണാന്‍ പോയ നൌഷാദ് കടലിലേക്ക് എടുത്തുചാടി കുഞ്ഞിനെ കോരിയെടുത്തു ജീവന്‍ രക്ഷിക്കുകയായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് കത്തിയപ്പോള്‍ ബസ്സിനുള്ളില്‍ക്കയറി ആളുകളെ പിടിച്ചുവലിച്ചിറക്കിയും തന്റെ പ്രതിബദ്ധതെ തെളിയിച്ചിരുന്നു. കോഴിക്കോട്ടെ മറ്റൊരു ഓട്ടോഡ്രൈവറായ ശ്രീധരേട്ടനെക്കുറിച്ചും അറിയുക. പുഴുക്കളുള്ള ഓടയില്‍ വിദ്യാര്‍ത്ഥിനി മുങ്ങിത്താഴുന്നത് കണ്ട് ഓട്ടോ നിര്‍ത്തി വസ്ത്രം അഴിച്ചുവെക്കുക പോലും ചെയ്യാതെ ഇറങ്ങി രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ശ്രീധരേട്ടനായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ശ്രീധരേട്ടന്‍ മുങ്ങി. ഞാന്‍ പ്രശസ്തി ആഗ്രഹിച്ചല്ല ഇത് ചെയ്തതെന്ന് പറഞ്ഞ് ഓട്ടോയോടിച്ച് പോയ ശ്രീധരേട്ടന്‍. ബാഗും പഴ്‌സും സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും ഓട്ടോയില്‍ യാത്രക്കാര്‍ മറന്നുവെയ്ക്കുമ്പോള്‍ തിരഞ്ഞ് പിടിച്ച് തിരിച്ചേല്‍പ്പിക്കുന്ന ഓട്ടോത്തൊഴിലാളികള്‍. അവരുടെ തുടര്‍ച്ച മാത്രമായിരുന്നു നൌഷാദ്. നിങ്ങള്‍ പറഞ്ഞില്ലേ മണ്ടത്തരമെന്ന്. പക്ഷെ അത്തരം മനുഷ്യരും ഈ ലോകത്തുണ്ടെന്ന് മാത്രം മനസ്സിലാക്കുക. നമ്മളറിയാത്ത എത്രയോ ഇടപെടല്‍ നൗഷാദിനെപ്പോലുള്ളവര്‍ നടത്തിയിട്ടുണ്ടാകും. ഇതൊക്കെ മറന്നാണ് വെള്ളാപ്പള്ളിയും ശശികല ടീച്ചറുമൊക്കെ നൗഷാദിനെ ആക്ഷേപിച്ചത്.

© 2024 Live Kerala News. All Rights Reserved.