മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പെരിയാറിലൂടെ 600 ഘടനയടി ജലം ഒഴുകിയെത്തും; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാറില്‍ വീണ്ടും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നതോടെ 600 ഘനയടി ജലം പെരിയാറിലൂടെ ഒഴുകും. പ്രദേശവാസികള്‍ ജാഗ്രതപുലര്‍ത്തണമെന്ന്
ജില്ലാഭരണകൂടം അറിയിച്ചു. സ്പില്‍വേയിലൂടെ പെരിയാറിലേക്ക് ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ അടിയന്തരനടപടി സ്വീകരിക്കുന്നതിനായി കേരളത്തെ പന്ത്രണ്ട് മണിക്കൂര്‍ മുമ്പേ അറിയിക്കണമെന്ന നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാതെ തമിഴ്‌നാട് തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകള്‍ തുറന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും രാവിലെ ഷട്ടറുകള്‍ അടച്ചതോടെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിത്തുടങ്ങി. തുടര്‍ന്നാണിപ്പോള്‍ വീണ്ടും മൂന്ന് ഷട്ടറുകള്‍ തുറന്നത്.
ഈ സാഹചര്യം കേന്ദ്രത്തേയും അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശരിയായി പ്രവര്‍ത്തിച്ചില്ലെന്നും മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. മേല്‍നോട്ട സമിതിയുടെ വീഴ്ചകള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് ഇ എസ് ബിജിമോള്‍ എം.എല്‍.എ കുറ്റപ്പെടുത്തി. വീണ്ടും വീണ്ടും മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ഗതികേടാണെന്നും അവര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ തമിഴ്‌നാട് പാലിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്. അണക്കെട്ടില്‍ സുപ്രീംകോടതി നിശ്ചയിച്ച സംഭരണ ശേഷിയിലെത്തിയിട്ടും നടപടിക്രമങ്ങള്‍ പാലിക്കാതെ തമിഴ്‌നാട് വെള്ളം ഒഴുക്കിവിടുന്ന പശ്ചാത്തലത്തിലാണിത്.

© 2024 Live Kerala News. All Rights Reserved.