വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനില്‍; പ്രധാനമന്ത്രി നവാസ് ശരീഫുമായി ചര്‍ച്ച നടത്തും; പ്രതീക്ഷകളോടെ ഇരുരാജ്യങ്ങളും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താനില്‍. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് മന്ത്രിതല യോഗമായ ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’യില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് പാക് സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ലക്ഷ്യം. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരുമായി സുഷമ ചര്‍ച്ച നടത്തും. 2012ലാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അവസാനമായി പാകിസഥാന്‍ സന്ദര്‍ശിച്ചത്. അന്നത്തെ യുപിഎ സര്‍ക്കാറിലെ വിദേശമന്ത്രി എസ് എം കൃഷ്ണയുടെ സന്ദര്‍ശനത്തിലാണ് വിസാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചുള്ള തീരുമാനമുണ്ടായത്. വിദേശകാര്യ സെക്രട്ടറി ജയ്ശങ്കറും സുഷമയ്‌ക്കൊപ്പം പാകിസ്താനിലേക്ക് പോകുന്നുണ്ട്. പാരിസില്‍ കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയത്. അജിത് ഡോവലും നാസീര്‍ ജനുജയും തായ്‌ലന്‍ഡ് തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഭീകരത, ജമ്മു കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നേരത്തേ റഷ്യയിലെ യുഫയില്‍ നടന്ന ചര്‍ച്ചയിലാണ് ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം തീരുമാനിച്ചത്. എന്നാല്‍, കശ്മീര്‍ വിഘടനവാദികളെ കാണാനുള്ള പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ തീരുമാനത്തെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. നരേന്ദ്രമോഡിയ്ക്ക് പിന്നാലെ സുഷമയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്.

© 2024 Live Kerala News. All Rights Reserved.