മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്കെത്തുന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടിയായതായി ജില്ലാ കളക്ടര്‍; സ്ഥിതി അത്യന്തം ഗുരുതരം

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കെത്തുന്നു. നീരെഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട് ഇന്നലെ രാത്രിമുതല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. 2200 ഘനയടി വെള്ളം കൊണ്ടുപോകണമെന്നാണ് ജില്ലാ കലക്ടര്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കെണ്ടുപോകുന്നത്. നേരത്തെ ഇത് 511 ഘനയടി മാത്രമായിരുന്നു. അണക്കെട്ടിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. രാവിലെ 141.7 അടിയെന്നത് അല്‍പം മുമ്പ് വീണ്ടും വര്‍ധിച്ചു.

main-dam

കേരളത്തിലേക്ക് ജലം ഒഴുക്കിവിടാനുള്ള സാഹചര്യമുണ്ടെങ്കില്‍ 12 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ തേനി ജില്ലാ കലക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാകളക്ടര്‍ വി. രതീശന്‍ വ്യക്തമാക്കി. അതേസമയം തേനി ജില്ലാകലക്ടറും ഇടുക്കി ജില്ലാകലക്ടറും ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് 136 പിന്നിട്ടതുമുതല്‍ വൈഗയിലേക്കു കൂടുതല്‍ വെള്ളം തുറന്നുവിടണമെന്നു കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് ഇത് അവഗണിച്ചു. ജലനിരപ്പ് 142 അടിയില്‍ നില്‍ക്കുമ്പോള്‍ വൃഷ്ടിപ്രദേശത്ത് 23 മണിക്കൂറിനുള്ളില്‍ 50 മില്ലീമീറ്റര്‍ മഴ പെയ്താല്‍പോലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെളളം പൂര്‍ണമായും വൈഗയിലേക്ക് ഒഴുക്കാന്‍ തമിഴ്‌നാടിനു കഴിയില്ല. ഇങ്ങനെ മഴ പെയ്താല്‍ സെക്കന്‍ഡില്‍ 5000 ഘനയടിയിലധികം വെള്ളം ഒഴുകിയെത്തും. കനാല്‍വഴി സെക്കന്റില്‍ 2088 ഘനയടി വെള്ളം മാത്രമെ ഒഴുക്കാനാവൂ. അതോടെ സ്പില്‍വേ വഴി പെരിയാര്‍ നദിയിലേക്കു വെള്ളം തുറന്നുവിടേണ്ടിവരും. സ്പില്‍വേയിലെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനു വേണ്ടിവരുന്ന സമയത്തിനുള്ളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇപ്പോള്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 2000 ഘനയടിയില്‍ താഴെയാണ്. അതിനാല്‍ ജലനിരപ്പ് 142ല്‍ എത്തിയാല്‍ കനാലിലൂടെ പരമാവധി വെള്ളം വൈഗയിലേക്ക് ഒഴുക്കി ജലനിരപ്പ് നിയന്ത്രിക്കാന്‍ കഴിയുമെന്നാണു തമിഴ്‌നാട് ഇപ്പോഴും കണക്കുകൂട്ടുന്നത്. എന്നാല്‍ ഇത് അസാധ്യമാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. ഇനിയും കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോകാതെ വഴിയില്ലെന്ന് കേരളം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.