കാലിഫോര്‍ണിയയിലെ വെടിവെപ്പ് ഭീകരാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ; ഐഎസിന്റെ നടപടി ഹീനമെന്നും ഒബാമ

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവെപ്പ് ഭീകരാക്രമണമാണെന്നും ഐഎസിന്റെ നടപടി ഹീനമാണെന്നിം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഇസ്ലാമിന്റെ പേരില്‍ അമേരിക്കയ്ക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഐഎസിന്റെ നടപടി ഹീനമാണെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ തള്ളിക്കളയണമെന്നും ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച 13 മിനിറ്റുളള വീഡിയോയില്‍ വ്യക്തമാക്കി. ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ റീജണല്‍ സെന്ററില്‍ കഴിഞ്ഞാഴ്ചയാണ് സൈനിക വേഷത്തിലെത്തിയ മൂന്നംഗ സംഘം വെടിവെപ്പ് നടത്തിയത്.ആക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെടുകയും 17ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തഷ്‌വീന്‍ മാലിക്, അമേരിക്കക്കാരനായ ഭര്‍ത്താവ് സയിദ് റിസ്‌വാന്‍ ഫാറൂഖ് എന്നീ ദമ്പതികളുടെ താമസസ്ഥലത്ത് നടത്തിയ തെരച്ചിലില്‍ പൈപ്പുബോംബുകളും, തിരകളും,തോക്കുകളും ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത് ഭീകരാക്രമണം ആണെന്നും, ഐഎസിനെയും, അവരെ സഹായിച്ചവരെ നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികളില്‍ നിന്നുളള ഭീഷണി യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ ഇതിനെ അമേരിക്ക മറികടക്കുമെന്നും പറഞ്ഞ ഒബാമ അമേരിക്കയിലെ വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ പരിഷ്‌കരിക്കുവാന്‍ മീറ്റിംഗ് വിളിക്കുമെന്നും വ്യക്തമാക്കി.

ക്രിമിനലുകളും, കൊലപാതകികളുമായ ഇസ്ലാമിക് സ്റ്റേറ്റിനെയും, അവരുടെ ആശയത്തെയും മുസ്ലീം സമൂഹം തള്ളിക്കളയണമെന്നും, ഐഎസ് സംസാരിക്കുന്നത് മുസ്ലീം ജനതയ്ക്ക് വേണ്ടിയല്ലെന്ന കാര്യം ഓര്‍ക്കണമെന്നും ഓബാമ പറഞ്ഞു.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തോക്കുകള്‍ കൈവശം വെക്കാനുളള നിയമത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും, സോഷ്യല്‍ മീഡിയകള്‍ വഴിയുളള ഐഎസിന്റെ പ്രചാരണങ്ങള്‍ തടയുവാന്‍ കൂട്ടായ നടപടി എടുക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഐഎസിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചുപോരാട്ടത്തിനിറങ്ങാനുള്ള ശ്രമത്തിലാണിപ്പോള്‍.

© 2024 Live Kerala News. All Rights Reserved.