സ്‌കൂള്‍ കായികമേളയില്‍ രണ്ടാംദിനം മീറ്റ് റെക്കോര്‍ഡ്; പെണ്‍കുട്ടികളുടെ നടത്തത്തില്‍ മൂന്ന് മെഡലും പാലക്കാട്ടെ പെണ്‍കുട്ടികള്‍ക്ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ രണ്ടാംദിനത്തിലേക്ക് കടന്നപ്പോഴാണ് ഒരു മീറ്റ് റെക്കോര്‍ഡുണ്ടായത്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജെയ്‌സനാണ് 3.42 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിന്റെ കെ.ടി. നീനയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറളി സ്‌കൂളിന്റെ തന്നെ അനീഷും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ നടത്തത്തില്‍ മൂന്ന് മെഡലുകളും പാലക്കാടിനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഇടുക്കി സിഎസ്എച്ച് കാല്‍വരി മൗണ്ട് സ്‌കൂളിലെ സാന്ദ്ര എസ്. നായര്‍ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ തിരുവനന്തപുരം സായിയിലെ മേഘാ മറിയം മാത്യു സ്വര്‍ണം നേടി. ഷോട്ട്പുട്ടിലും ആദ്യ മേഘ സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസിലെ ലിസ്ബത്ത് കരോലിന്‍ ജോസഫ് സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എസ്.എസ്.എസിലെ കെ.എസ് അനന്തു സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ എറണാകുളം മാതിരപ്പിള്ളി ജിഎസ്എസിലെ ജിന്‍സി ബെന്നി സ്വര്‍ണം നേടി. പാലക്കാട് പറളി സ്‌കൂളിലെ കുട്ടികള്‍തന്നെയാണ് ഇത്തവണയും കായികമേളയുടെ തുടക്കത്തില്‍തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചത്.

© 2024 Live Kerala News. All Rights Reserved.