ദുരിതാശ്വാസ വസ്തുക്കള്‍ പിടിച്ചെടുത്ത് ജയലളിതയുടെ പോസ്റ്റര്‍ ഒട്ടിക്കല്‍ തകൃതി; ഇത്രത്തോളം വേണ്ടായിരുന്നു; പബ്ലിസിറ്റിക്ക് മറ്റെന്തല്ലാം വഴിയുണ്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്തു ക്ഷേമപദ്ധതികള്‍ വന്നാലും അതെല്ലാം മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിച്ചാണെത്തുന്നത്. കരുണാനിധിയുടെയും ജയലളിതയുടെയുമൊക്കെ ഭരണകാലത്തെ കീഴ് വഴക്കങ്ങള്‍ അങ്ങനെയാണ്. ഈയടുത്ത കാലത്ത് ജയലളിത നടപ്പില്‍ വരുത്തിയതും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സൗജന്യ വസ്തുക്കളിലെല്ലാം അത് കാണാം. റേഷന്‍കടയില്‍പോലും അമ്മയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചില്ലെങ്കില്‍ പിന്നെത്തകാര്യം പറയേണ്ട. എല്ലാം ഇപ്പോള്‍ തമിഴകത്ത് അമ്മ മയമാണ്. എന്നാല്‍ ചെന്നൈ പ്രളയത്തിലകപ്പെട്ട് സര്‍വതും നഷ്ടപ്പെട്ടുള്ളവര്‍ക്ക് പലദിക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്ന സാധനങ്ങളിലും അമ്മയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന തിരക്കിലാണ് പാര്‍ട്ടിപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ഇതിനെതിരെ തമിഴകത്ത് വ്യാപക പ്രതിഷേധമാണുയരുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ബലമായി ദുരിതാശ്വാസ സാധനങ്ങള്‍ വാങ്ങിച്ച് ജയലളിതയുടെ പോസ്റ്ററുകള്‍ പതിക്കുന്ന ചിത്രങ്ങള്‍ പുറംലോകം അറിഞ്ഞത്. ദുരിതാശ്വാസവസ്തുക്കള്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പറയുന്ന സ്ഥലത്തുമാത്രമേ എത്തിക്കാവൂ അതിനുശേഷം അമ്മയുടെ പടങ്ങള്‍ മുകളില്‍ പതിച്ചതിനുമാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂ എന്നാണ് നിര്‍ദേശം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടത്ര രീതിയില്‍ ഇല്ലാത്തതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവം കൂടി ആയതോടെ സര്‍ക്കാരിനോടുള്ള അമര്‍ഷം ആളിപടര്‍ന്നിരിക്കുകയാണ്. നൂറുകണക്കിന് പേരുടെ ജീവനെടുത്ത ദുരിതപെയ്ത്തില്‍ സഹായഹസ്തവുമായി നിരവധിപേരാണ് സ്വമേധയാ എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ക്യാമ്പയിനുകളില്‍ നടത്തി അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഇതിനിടെയാണ് വിലകുറഞ്ഞ പബ്ലിസിറ്റിയുമായി അമ്മയുടെ ചിത്രങ്ങള്‍ പതിക്കുന്ന നടപടിയും.

© 2024 Live Kerala News. All Rights Reserved.