പാകിസ്താനില്‍ നിന്ന് നേപ്പാള്‍ വഴി ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നു; ബൈക്കിലാണ് ഭീകരസംഘം അതിര്‍ത്തികടക്കുന്നതെന്നും ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: നേപ്പാള്‍ അതിര്‍ത്തിയിലെ സുരക്ഷാപിഴവ് മുതലെടുത്താണ് പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍ ആശങ്കാജനകം. ബാറുച്ചിലെ ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത ഭീകരവാദികളില്‍ നിന്നാണ് പാക് ഭീകരരുടെ പുതിയ റൂട്ടിനെ കുറിച്ചുള്ള വിവരം ഇന്റലിജന്‍സിന് ലഭിച്ചത്്. പാകിസ്താനില്‍ നിന്ന് ലാഹോറിലോ ദോഹയിലോ എത്തുന്നവര്‍ കാഠ്മണ്ഡുവിലേക്ക് വിമാനം പിടിക്കും. പിന്നീട് കാഠ്മണ്ഡുവില്‍ നിന്ന് ഒറ്റുകാരായ പ്രത്യേക ദല്ലാളുകള്‍ മുഖേനെ ഇന്ത്യയിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ദല്ലാള്‍മാരുടെ ഫീസ് 5000 രൂപയാണ്. മോട്ടോര്‍ സൈക്കിളുകളിലാണ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഭീകരര്‍ എത്തിക്കുന്നത്.

ജമ്മു കാശ്മീരില്‍ വന്‍ സുരക്ഷയുണ്ടെങ്കിലും നേപ്പാള്‍ അതിര്‍ത്തിയിലെ അവസ്ഥ അതല്ല. എങ്ങനെയും കടന്നുകയറാവുന്ന സ്ഥിതി. സിആര്‍പിഎഫ് റാമ്പൂര്‍ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന് പിടിക്കപ്പെട്ടവരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുക താരതമ്യേനെ വളരെ എളുപ്പമാണെന്ന് പറഞ്ഞിരുന്നു. നേപ്പാള്‍ ഉദ്യോഗസ്ഥരോട് സംഗതിയുടെ ഗൗരവത്തെ കുറിച്ച് അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തടയുന്നതിനായുള്ള സൈനികനീക്കങ്ങളാവും ഏക പോംവഴി.

© 2024 Live Kerala News. All Rights Reserved.