കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ഭീകരാക്രമണം; ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം; അമേരിക്കയില്‍ കടുത്ത ജാഗ്രത

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനും 17ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനുമുള്ള കാരണം ഭീകാരാക്രമണം. സൈനിക വേഷത്തിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ വംശജയായ തഷ്‌വീന്‍ മാലിക്കിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നതായി എഫ്ബിഐ. തഷ്‌വീന്‍ മാലിക്, അമേരിക്കക്കാരനായ ഭര്‍ത്താവ് സയിദ് റിസ്‌വാന്‍ ഫാറൂഖ് എന്നിവരടക്കം മൂന്നുപേര്‍ സൈനികവേഷത്തിലെത്തി കഴിഞ്ഞ ദിവസമാണ് ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ റീജണല്‍ സെന്ററില്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെടുകയും 17ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയശേഷം വാഹനത്തില്‍ രക്ഷപ്പെട്ട ഇവര്‍ പിന്നീട് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമുണ്ടായി.

തുടര്‍ന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ താമസസ്ഥലത്ത് നടത്തിയ തെരച്ചിലില്‍ പൈപ്പുബോംബുകളും, തിരകളും,തോക്കുകളും ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെത്തിയിരുന്നു. കൂടാതെ ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയോട് അനുഭാവം പ്രകടിപ്പിച്ചുളള ഫേസ്ബുക്ക് പോസ്റ്റുകളും തഷ്‌വീന്‍ മാലിക്കിന്റെ മറ്റൊരു പേരിലുളള അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ആക്രമണത്തിനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. സയിദ് റിസ് വാന്‍ അമേരിക്കയിലേക്ക് കുടിയേറിയ പാക് സ്വദേശികളുടെ പുത്രനാണെന്നും, ഭാര്യ തഷ്‌വീന്‍ മാലിക്കിന്റെ പ്രേരണയിലാകാം ഇത്തരം ആക്രമണത്തിന് സന്നദ്ധനായതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ലും 2014ലും ഫാറുഖ് രണ്ടുതവണ വീതം സൗദി അറേബ്യയില്‍ പോയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തോടെ അമേരിക്കയില്‍ സുരക്ഷ ശക്തമാക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.