പ്രാര്‍ഥനകളും പ്രതീക്ഷകളും തല്ലികെടുത്തി ചെന്നൈയില്‍ വീണ്ടും കനത്തമഴ; സ്ഥിതിഗതികള്‍ അതീവ ഗുരുതരം; വെള്ളം ഉയര്‍ന്നുതുടങ്ങി

ചെന്നൈ: മഴയ്ക്ക് ചെറിയമുണ്ടായത് മണിക്കൂറുകള്‍ മാത്രം. കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചപോലെ വീണ്ടും ചെന്നൈയില്‍ ശക്തമായ മഴ. ഏകദേശം 12 മണിക്കൂറിന്റെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇപ്പോള്‍ മഴ തുടങ്ങിയത്. മൂന്നു മണിക്ക് ശേഷം ആരംഭിച്ച മഴ ശക്തിയായി പെയ്തുകൊണ്ടിരിക്കുന്നു.മഴ കുറഞ്ഞപ്പോള്‍ നദികളിലെയും മറ്റും ജലനിരപ്പ് താഴുമെന്നും റോഡുകളിലും വീടുകളിലും കയറിയിരിക്കുന്ന വെള്ളം ഇറങ്ങുമെന്നും പ്രദേശവാസികള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് മഴ വീണ്ടും ശക്തിപ്പെട്ടത്. ചെന്നൈ നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ കൊണ്ട് ഒറ്റപ്പെട്ടിരിക്കുകയാണ്. സബ്‌വേകളിലും മറ്റും സ്്‌റ്റോംവാട്ടര്‍ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാല്‍ അവിടെ വെള്ളം നിറഞ്ഞിരിക്കുകയാണ്. മഴ കനത്ത് വെള്ളപ്പൊക്കം രൂക്ഷമായതിന് പിന്നാലെ ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 50,000 ത്തോളം പേരെ രക്ഷപ്പെടുത്തുകയും മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതത്തിലായ ആളുകള്‍ക്ക് തണലേകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും രംഗത്തുണ്ട്. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ചെന്നൈയിലേക്ക് കുടിവെള്ളവും വസ്ത്രങ്ങളും ഭക്ഷണവും മറ്റും എത്തിച്ചു നല്‍കുന്നുണ്ട്. സന്നദ്ധസംഘടനകളാണ് ഇത്തരം സഹായനടപടികള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും നാവികസേനയും ദേശീയദുരന്ത നിവാരണസേനയും രംഗത്തുണ്ട്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കേരളത്തിലേക്കുള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ വന്‍ നാശനഷ്ടങ്ങള്‍ക്കൊപ്പം വന്‍ ദുരന്തഭൂമിയായി ചെന്നൈ അവശേഷിക്കും.

© 2024 Live Kerala News. All Rights Reserved.