വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ കിട്ടാതെ ചെന്നൈയില്‍ 18 പേര്‍ മരിച്ചു; സംഭവം നഗരത്തിലെ എംഐഒടി ആശുപത്രിയില്‍

ചെന്നൈ: കനത്തമഴയെത്തുടര്‍ന്ന് വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ സംവിധാനം തകരാറിലായതോടെയാണ് ചെന്നൈ നന്ദംപാക്കത്തെ എംഐഒടി ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ 18 പേര്‍ മരിച്ചത്. ഐസിയുവില്‍ പ്രവേശിച്ചിരുന്ന രോഗികളാണ് ശ്വാസംകിട്ടാതെ ദാരുണമായി മരിച്ചത്. ചെന്നൈയില്‍ ആഴ്ച്ചകളായി പെയ്യുന്ന മഴയത്തെുടര്‍ന്ന് നഗരം പൂര്‍ണ്ണമായും വെള്ളത്തിലാണ്. വൈദ്യുതിയും മറ്റ് ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനമെല്ലാം ചലനമറ്റിരിക്കുകയാണ്. ഇതിനിടെയാണ് നന്ദംപാക്കത്ത് നിന്ന് രാജ്യത്തെത്തന്നെ നടുക്കിയ വാര്‍ത്ത വന്നിരിക്കുന്നത്. വൈദ്യുതി നിലച്ച മിക്ക ആശുപത്രികളുടെയും അവസ്ഥ ഇത് തന്നെയാണ്. ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി നിലച്ച മിക്ക ആശുപത്രികളും ഇപ്പോഴും ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ധനം ലഭിക്കാതായതോടെ മിക്ക ആസുപത്രികളിലും ജനറേറ്റര്‍ നിലച്ചതോടെ എല്ലാ സംവിധാനങ്ങളും അവതാളത്തിലായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് രോഗികള്‍ മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ആശുപത്രികളിലൊന്നും തന്നെ ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു. അഡയാര്‍ നദിയുടെ തീരത്ത് താമസിച്ചിരുന്നവരാണ് ആശുപത്രിയില്‍ എത്തിയവരില്‍ പലരുമെന്നാണ് റിപ്പോര്‍ട്ട്. 300 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. എഴുന്നൂറോളം രോഗികള്‍ എംഐഒടി ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.