ചെന്നൈയില്‍ മഴയ്ക്ക് ശമനം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; നഗരം വെള്ളത്തില്‍ത്തന്നെ; ഒറ്റപ്പെട്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍

ചെന്നൈ: പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ മഴയ്ക്ക് നേരിയ ശമനം. അഡയാര്‍, കൂവം നദികളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. അതേസമയം കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭിക്കാതെ നഗരത്തിലെ ആയിരക്കണക്കിനുപേര്‍ ഇപ്പോഴും വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുകയാണ്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ചുവരുന്നുണ്ട്. 7000 ലേറെപ്പേരെ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷപെടുത്തി. എന്നാല്‍, നിരവധിപേര്‍ ഇനിയും ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. കര, നാവിക വ്യോമസേനകളും കോസ്റ്റ്ഗാര്‍ഡും ദേശീയദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ചെന്നൈ ബീച്ചില്‍നിന്ന് അറക്കോണം എയര്‍ ബെയ്‌സിലേക്കും താബരം നേവല്‍ ബെയ്‌സിലേക്കും റെയില്‍വെ ഷട്ടില്‍ സര്‍വീസ് തുടങ്ങി. ഓരോ 15 മിനിട്ടിനിടയ്ക്കും തീവണ്ടികള്‍ പുറപ്പെടും. എയര്‍ ഇന്ത്യയും ഏതാനും സ്വകാര്യ വിമാന കമ്പനികളും അറക്കോണം നേവല്‍ ബെയ്‌സില്‍നിന്ന് വെള്ളി, ശനി ദിവസങ്ങളില്‍ ആറ് സര്‍വീസുകള്‍വീതം നടത്തുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗബെ പറഞ്ഞു.

ch3

എയര്‍ ഇന്ത്യയ്ക്ക് പുറമെ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ട്രൂജെറ്റ് തുടങ്ങിയവയാവും സര്‍വീസുകള്‍ നടത്തുക.ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിമാനത്താവളം ഡിസംബര്‍ ആറുവരെ അടച്ചിരിക്കുകയാണ്. ഇന്നും നാളെയും പുറപ്പെടുന്ന വിമാനങ്ങളില്‍ കുറഞ്ഞ നിരക്കുമാത്രമെ ഈടാക്കൂവെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കമ്പനികളുടെ 34 വിമാനങ്ങളാണ് വെള്ളത്തിനടിയിലായ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളതെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പ്രധാന റോഡുകളും ഉള്‍പ്പാതകളും വെള്ളത്തില്‍ മുങ്ങി. ബുധനാഴ്ച രാത്രിമുതല്‍ വ്യാഴാഴ്ച വൈകിട്ടുവരെ മഴ പൊതുവെ വിട്ടുനിന്നെങ്കിലും മൂന്നുദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെ പ്രളയമേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിരൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. നേരത്തേ നല്‍കിയ 940 കോടി രൂപയ്ക്ക് പുറമെയാണിത്. കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജയലളിതയുമായി അദ്ദേഹം ചര്‍ച്ചനടത്തി.

ch 2

ചെമ്പരമ്പാക്കം തടാകത്തില്‍നിന്ന് വെള്ളം തുറന്നുവിട്ടതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. മുടിച്ചൂരിലെ തടാകത്തിന്റെ ഒരു ഭാഗം തകര്‍ന്നതും സ്ഥിതി വഷളാക്കി. മുപ്പത്തഞ്ചോളം തടാകങ്ങളില്‍ ജലനിരപ്പ് അപകടനിലയിലാണ്. മലവെള്ളപ്പാച്ചില്‍പോലെ കുത്തിയൊലിച്ചാണ് റോഡുകളില്‍ വെള്ളമൊഴുകുന്നത്. ചുരുക്കം റൂട്ടുകളിലേ ബസ് സര്‍വീസ് നടത്താനായുള്ളൂ. ഓട്ടോറിക്ഷകള്‍ക്കും ചെറുകാറുകള്‍ക്കും പുറത്തിറങ്ങാനായില്ല. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കേരളത്തിലേക്കുള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഒട്ടേറെ തീവണ്ടികള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റദ്ദാക്കിയതായി ദക്ഷിണറെയില്‍വേ അറിയിച്ചു. കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍നിന്നുള്ള ദീര്‍ഘദൂരബസ്സുകളും ഓടിയില്ല. നഗരത്തില്‍ പെട്രോളും ഡീസലും കിട്ടാനില്ല. എ.ടി.എമ്മുകളും കാലിയായതിനാല്‍ നഗരവാസികള്‍ വലയുകയാണ്. നാവികസേന വിതരണംചെയ്യുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ധനിക, ദരിദ്ര വ്യത്യാസമില്ലാതെ ആളുകള്‍ കാത്തുനില്‍ക്കുന്ന കാഴ്ചയാണ് എങ്ങും.ചെന്നൈ വിമാനത്താവളം ഞായറാഴ്ചവരെ അടച്ചിട്ടിരിക്കുകയാണ്. ആറക്കോണത്തെ രാജാലി നാവിക എയര്‍‌സ്റ്റേഷന്‍ താത്കാലിക വിമാനത്താവളമാക്കി. ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. യു.എസ്. കോണ്‍സുലേറ്റ്, അണ്ണാ സര്‍വകലാശാല, മദ്രാസ് ഐ.ഐ.ടി. കാമ്പസ്, മണലിയിലെ എണ്ണശുദ്ധീകരണി തുടങ്ങിയവ വെള്ളം കയറിയതിനാല്‍ അടച്ചിട്ടു. കടകമ്പോളങ്ങള്‍ ഭൂരിഭാഗവും വ്യാഴാഴ്ചയും അടഞ്ഞുകിടന്നു. പാല്‍, പത്രം വിതരണവും അവതാളത്തിലായി. അവശ്യസാധനങ്ങള്‍ക്ക് തീവിലയാണ്. അരലിറ്റര്‍ പാലിന് 50 രൂപ വരെയാണ് വില. ഭൂരിഭാഗം മേഖലകളിലും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

ch6

ഗിണ്ടിക്കടുത്തുള്ള മേടുമ്പാക്കത്തെ വെള്ളപ്പൊക്കബാധിത പ്രദേശത്തുനിന്ന് സുകന്യ എന്ന ഗര്‍ഭിണിയെയും ഇവരുടെ മൂന്നുവയസ്സുള്ള കുട്ടിയെയും വ്യോമസേന ഹെലികോപ്റ്ററില്‍ താംബരം എയര്‍ബേസില്‍ എത്തിച്ചു. പിന്നീട് സുകന്യയെ ഇവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും വീടുകളില്‍നിന്ന് ഒരു തരത്തിലും പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ക്ക് ആഹാരവും കുടിവെള്ളവും എത്തിച്ചുകൊടുക്കുന്നുണ്ടെന്നും എയര്‍കമാന്‍ഡര്‍ റിപ്പണ്‍ ഗുപ്ത പറഞ്ഞു.
അഡയാര്‍ നദിയോരത്താണ് വിമാനത്താവളം. നദിയെവിടെത്തീരുന്നുവെന്നോ വിമാനത്താവളം എവിടെത്തുടങ്ങുന്നുവെന്നോ തിരിച്ചറിയാനാവില്ല ഇപ്പോള്‍. വിമാനം പറന്നുപൊങ്ങാനുള്ള റണ്‍വേകളിലൊന്ന് നദിക്കുകുറുകേയാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏക വിമാനത്താവളമാണ് ചെന്നൈയിലേത്. 2005ല്‍ പ്രളയമുണ്ടായപ്പോള്‍ ഇത് ഉയര്‍ത്തിപ്പണിതിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രളയം അതിനെയും മുക്കി. നദികരകവിഞ്ഞാല്‍ വിമാനത്താവളത്തിലേക്കല്ലാതെ ഒഴുകിപ്പരക്കാന്‍ മറ്റൊരിടമില്ല.
അശാസ്ത്രീയമായ വികസനപദ്ധതികളാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. സ്റ്റോംവാട്ടര്‍ ഡ്രൈയിനേജ് സംവിധാനമില്ലാത്തതിനാല്‍ വെള്ളം ഒഴുകിപോകാന്‍ സംവധാനമില്ലാത്തതാണ് തിരിച്ചടിയായത്.

© 2024 Live Kerala News. All Rights Reserved.