സമത്വമുന്നേറ്റ യാത്രയ്ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യം; കാര്യസാധ്യത്തിനായി കക്ഷിപിടിക്കുന്നതായും എന്‍എസ്എസ് വിമര്‍ശനം

ചങ്ങനാശ്ശേരി: എസ്എന്‍ഡിപി നേതാക്കളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് സമത്വ മുന്നേറ്റ യാത്ര നടത്തുന്നതെന്നത് എന്‍എസ്എസ് വിമര്‍ശനം. വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് എന്‍എസ്എസ് മുഖപത്രം സര്‍വീസ്. നേതാക്കള്‍ക്ക് സ്ഥാപിതതാല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള യാത്രമാത്രമാണിതെന്ന് സര്‍വീസ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഭരിക്കുന്നവരുടെ സഹായത്തോടെ ന്യൂനപക്ഷങ്ങള്‍ എല്ലാനേട്ടങ്ങളും തട്ടിയെടുക്കുന്നത് തടയുകയാണ് യാത്രയുടെ ലക്ഷ്യമെന്നും പറയുന്നെങ്കിലും ഉദ്ദേശ്യം ചിലരുടെ സ്ഥാപിതതാല്‍പര്യങ്ങളാണെന്ന് വിമര്‍ശനത്തോടെയാണ് മുഖപ്രസംഗത്തിന്റെ തുടക്കം. ഒരു മഹാപ്രസ്ഥാനമായ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുവരുന്നവര്‍ക്ക് അതിന്റേതായ മഹത്ത്വവും ആദരവും ജനങ്ങള്‍ കല്പിക്കുമെന്നത് സ്വാഭാവികമാണ്. എന്നാല്‍, സ്വന്തം കാര്യസാദ്ധ്യത്തിനായി കക്ഷിപിടിക്കുകയും രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയും അതിന്റെ പിന്തുണയ്ക്കായി വിശാലഹിന്ദുഐക്യം ഉണ്ടാക്കാന്‍ സമുദായത്തെ കരുവാക്കുകയും ചെയ്യുന്നത് ആ മഹാസംഘടനയുടെ ദര്‍ശനങ്ങള്‍ക്ക് ഒരിക്കലും ചേരുന്നതല്ലെന്ന് മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. മുമ്പ് ഹിന്ദുപാര്‍ലമെന്റ് എന്ന കൂട്ടായ്മയില്‍ ചേര്‍ന്നെങ്കിലും ഹൈന്ദവരുടെ നേതൃത്വം സ്വയം ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പുറത്താക്കപ്പെടുകയായിരുന്നു.

കയ്യില്‍കിട്ടിയ സംഘടനകളെയൊക്കെ ചേര്‍ത്ത് വിശാലഐക്യത്തിനായുള്ള ഇപ്പോഴത്തെ ശ്രമത്തില്‍ ചേരാന്‍ എന്‍എസ.എസിനെ കിട്ടില്ല. ആരെയും താങ്ങാതെ സ്വതന്ത്രമായി സ്വന്തം സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാനും സാമൂഹ്യനീതിക്കുവേണ്ടി എന്നും നിലകൊള്ളാനും ഉള്ള കരുത്ത് എന്‍എസ്എസിനുണ്ടെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. എന്‍എസ്എസില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളെയും മുഖപ്രസംഗം വിമര്‍ശിക്കുന്നുണ്ട്.
‘നായര്‍ യൂത്ത് മൂവ്‌മെന്റ്’ എന്ന പേരില്‍ ഒരു സംഘടന ഉദ്ഘാടനം ചെയ്ത് നായര്‍ യുവജനങ്ങളുടെ പിന്തുണ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമിച്ചുവെന്നും മുഖപ്രസംഗം ആരോപിക്കുന്നു. വെള്ളാപ്പള്ളിക്കെതിരെ എന്‍എസ്എസും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഈയടുത്തായി ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.