ഗുജറാത്തിലും ബിജെപിയ്ക്ക് തിരിച്ചടി; മോഡിയുടെ ജമന്മനാട്ടില്‍ തോല്‍വി; ആറ് മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ബിജെപി നിലനിര്‍ത്തി

അഹമദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോഴും ബിജെപിയ്ക്ക് തിരിച്ചടിയുണ്ടായെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വന്‍ മുന്നേറ്റം കോണ്‍ഗ്രസ് നടത്തി്. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വിജയമുറപ്പിക്കാനായെങ്കിലും ഗ്രാമങ്ങളില്‍ വന്‍ തിരിച്ചടിയാണുണ്ടായത്. 31 ജില്ലാ പഞ്ചായത്തുകളില്‍ 18 ഇടത്ത് കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. നഗരസഭകളില്‍ കോണ്‍ഗ്രസ് 18ഇടത്ത് മുന്നേറുമ്പോള്‍ 12ഇടത്താണ് ബിജെപിയ്ക്ക് ലീഡ്. രാജ്‌കോട്ട് ജില്ലാ പഞ്ചായത്തിന്റെ ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.

CTS7JWFXAAAZjg_

പട്ടേല്‍ വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ മോര്‍ബിയില്‍ ജില്ലാ ഭരണം കോണ്‍ഗ്രസ് തൂത്തുവാരി. ഇവിടത്തെ അഞ്ചില്‍ നാല് താലൂക്ക് പഞ്ചായത്തുകളും (ബ്ലോക്ക്) കോണ്‍ഗ്രസിനാണ്. അമരേലി, ഭാവ്‌നഗര്‍, ഗാന്ധിനഗര്‍, ജുനഗഡ്, മഹേസന, രാജ്‌കോട്ട്, സബര്‍കന്ത, താപി, സൂറത്ത്, സുരേന്ദര്‍ നഗര്‍, വഡോദര, ദഹോഡ്, ജാംനഗര്‍, ബോട്ടഡ്, ഗിര്‍ സോമനാഥ്, മോര്‍ബി, ആരവല്ലി, ഛോട്ടാ ഉദേപൂര്‍ എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തുന്നത്. 2010ല്‍ ബിജെപി തൂത്തുവാരിയ ജില്ലാ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. 56 നഗരപാലിക (മുനിസിപ്പാലിറ്റി)കളില്‍ 23 ഇടത്ത് കോണ്‍ഗ്രസ് മുന്നേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മനാടായ മഹേസനയുടെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചു. കഴിഞ്ഞ തവണ 42 ഇടങ്ങളില്‍ ബിജെപിയായിരുന്നു ജയിച്ചത്. കോണ്‍ഗ്രസിന് വെറും നാല് നഗരസഭകള്‍ മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ തവണ എല്ലായിടത്തും ശക്തമായ മുന്നേറ്റം നടത്തിയ ബിജെപിയ്ക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് ഫലം നല്‍കുന്ന സൂചന. അഹമദാബാദ്, ജാംനഗര്‍, സൂറത്ത്, ഭാവ്‌നഗര്‍, വഡോദര, രാജ്‌കോട്ട് എന്നീ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി ഭരണം നിലനിര്‍ത്തി. രാജ്‌കോട്ടില്‍ ഭരണം പിടിക്കാന്‍ ബിജെപി നന്നേ വിയര്‍ക്കേണ്ടിവന്നു. ഭാവ്‌നഗര്‍ മേയറും ബിജെപി നേതാവുമായ ബാബു സോളങ്കി തോറ്റു. ഗുജറാത്തിലെ 572 മുനിസിപ്പല്‍ വാര്‍ഡിലേക്ക് കഴിഞ്ഞ മാസം 26നും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 56 നഗരപാലികകളിലേക്കും കഴിഞ്ഞ 29നുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഗുജറാത്തില്‍ 50 ശതമാനം വനിതാ സംവരണം നിലവില്‍ വന്ന ആദ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണിത്.

gujarat-local-body-bypolls-bjp-wins-out-of-seats

ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ വിരുദ്ധ പ്രക്ഷോഭം പട്ടേല്‍ വിഭാഗത്തെ ബിജെപിയില്‍ നിന്നും അകറ്റിയിരുന്നു. സംവരണത്തിന്റെ പേരില്‍ ഭൂരിപക്ഷ വിഭാഗമായ പട്ടേല്‍ സമുദായം ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന സഹാചര്യത്തില്‍ മുനിസിപ്പല്‍ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് ഗുജറാത്ത് മുഖ്യമന്ത്രി ആനന്തിബെന്‍ പട്ടേലിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കനത്ത തിരിച്ചടിയാകും. 2017ല്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ നരേന്ദ്ര മോഡി മുഖ്യമന്ത്രിയുടെ ചുമതല ഏല്‍പിച്ച ആനന്ദിബെന്‍ പട്ടേലിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
പട്ടീദാര്‍ വിഭാഗത്തിന്റെ സംവരണാവശ്യം തള്ളിയ ബിജെപിയ്‌ക്കെതിരെ ശക്തമായ പ്രചാരണമാണ് പട്ടേല്‍ സമുദായം നടത്തിയിരുന്നത്. മോഡിയുടെ ജന്മദേശമായ വാഡ്‌നഗറിന് 35 കിലോമീറ്റര്‍ അകലെയുള്ള ബിജെപി ശക്തികേന്ദ്രമായ ഉഞ്ച നഗരപാലികയില്‍ ബിജെപിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താനായിട്ടില്ല. കഴിഞ്ഞ തവണ 36ല്‍ 26 സീറ്റിലും ബിജെപി താമര ചിഹ്നത്തില്‍ മത്സരിച്ച പ്രദേശമാണിത്. ഗുജറാത്തിലെ ആറ് കോടി ജനസംഖ്യയില്‍ 1.5 കോടിയാണ് പട്ടീദാര്‍മാരുള്ളത്. സാമ്പത്തികമായി വളരെയധികം മുന്‍പന്തിയിലുള്ള പട്ടേല്‍ സമുദായത്തിന് അംഗബലത്തിന് പുറമെ സാമ്പത്തികമായി സ്വാധീനിക്കാനും കഴിയും. 1980കള്‍ വരെ കോണ്‍ഗ്രസ് വോട്ട്ബാങ്കായിരുന്നു പട്ടേല്‍ സമുദായം. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാധവ്‌സിങ് സോളങ്കി മുസ്ലിംകളുമായും ആദിവാസി, ഹരിജന വിഭാഗങ്ങളുമായും കൂടുതല്‍ ബന്ധം പുലര്‍ത്തിയതോടെയാണ് പട്ടേല്‍ വിഭാഗം പിന്തുണ ബിജെപിയ്ക്ക് നല്‍കിത്തുടങ്ങിയത്. ഗുജറാത്തിലെ ബിജെപിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നിലും പട്ടീദാര്‍മാരുടെ പിന്തുണയായിരുന്നു. കേരളത്തിലെ നായര്‍ സമുദായത്തിന് സമാനമായ ശക്തിയുള്ള പട്ടേല്‍ സമുദായം തിരിഞ്ഞുകുത്തിയതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്.

© 2024 Live Kerala News. All Rights Reserved.