ഡോ: തിക്കുറിശ്ശി ഗംഗാധരന്‍ നായരെ അറിയില്ലേ ..?

ഡോ. തിക്കുറിശ്ശി ഗംഗാധരന്‍, ഈ പേര് അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. അദ്ദേഹം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ കണ്ടില്ലെന്ന്ന ടിക്കുകയായിരുന്നു സാഹിത്യലോകത്തെ മഹാരഥന്മാരും ചില മാധ്യമങ്ങളും. കേരളവര്‍മ വലിയകോയിത്തമ്പുരാനെക്കുറിച്ച് ഗംഗാധരനെപ്പോലെ ആഴത്തില്‍ പഠിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. കേരള വര്‍മയ്ക്കു മുന്നില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുപോലും നിസാരക്കാരനാണെന്ന് ഗംഗാധരന്‍ പറയുന്നതും ആ അറിവിന്റെ വെളിച്ചത്തിലാണ്.

 

ബാലരാമപുരത്തിനടുത്ത് ഭഗവതിനടയില്‍ ഡോ.തിക്കുറിശ്ശി ഗംഗാധരന്‍ എന്നൊരാളുണ്ട്. അദ്ദേഹത്തെ നേരിട്ടു പോയി കാണണം. മലയാള ഭാഷാചരിത്രത്തില്‍ ഇടം ലഭിക്കേണ്ടയാളാണ്. നടത്തിയ ഗവേഷണങ്ങളും എഴുതിയ പുസ്തകങ്ങളും അത്രയ്ക്കുണ്ട്. പക്ഷെ, എന്തോ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് പുറംലോകം കാര്യമായി അറിഞ്ഞിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് നല്ലൊരു ഫീച്ചര്‍ വരണം. അര്‍ഹതയ്ക്ക് നല്‍കുന്ന അംഗീകാരമാകും.” കവിയും തപസ്യ അദ്ധ്യക്ഷനുമായ എസ്.രമേശന്‍നായര്‍ അതിരാവിലെ വിളിച്ച് ഇത് പറയുമ്പോള്‍ ഡോ.തിക്കുറിശ്ശി ഗംഗാധരനെ കുറിച്ച് എനിക്ക് കാര്യമായ തിരിച്ചറിവില്ലായിരുന്നു. പേര് എവിടെയോ കേട്ടിട്ടുണ്ട് എന്നുമാത്രം. രമേശന്‍ നായര്‍ ആവശ്യപ്പെട്ട കാര്യം എന്നതുകൊണ്ടുമാത്രം അദ്ദേഹത്തെ കാണാന്‍ ഭഗവതിനടയിലെ കൈരളി സദനത്തിലെത്തി. വിശാലമായ പുരയിടത്തിലെ ഓടുമേഞ്ഞ പഴയ വീടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് ഗംഗാധരന്‍ നായര്‍, താന്‍ കടന്നുവന്ന വഴികള്‍ പറഞ്ഞു തരുമ്പോള്‍ അറിയാതെ മനസ്സ് ആ പണ്ഡിതശ്രേഷ്ഠന് പാദപൂജ ചെയ്യുകയായിരുന്നു. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച വ്യക്തി. കോളേജിന്റെ പടിവാതില്‍ കാണാതെ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും സ്വന്തമാക്കിയ വിദ്യാര്‍ത്ഥി, തെക്കന്‍ തിരുവിതാംകൂറിന്റെ പ്രാചീന സാഹിത്യ ചരിത്രം ചികഞ്ഞെടുത്ത ഗവേഷകന്‍, സത്യം പറയുന്നതിനാല്‍ ഒറ്റപ്പെട്ടു പോയ എഴുത്തുകാരന്‍… ഡോ.ഗംഗാധരന്റെ ജീവിത രേഖയില്‍ തെളിയുന്ന കാര്യങ്ങളാണിതൊക്കെ. കന്യാകുമാരി ജില്ലയിലെ തിക്കുറിശിയില്‍ 1931 ഒക്‌ടോബര്‍ 31 ന് ജനിച്ച ഗംഗാധരന്‍ ഏഴാം ക്ലാസ് വരെ പഠിച്ചത് മലയാളസ്‌കൂളില്‍. അദ്ധ്യാപകന്‍ ശൃംഗാരരാജനാണ് കൊച്ചുഗംഗാധരനില്‍ മലയാള താല്‍പര്യം ആദ്യം ജനിപ്പിച്ചത്. തമിഴ്‌നാട്ടിലെ സ്‌കൂളില്‍ നിന്ന് മലയാളം മൊഴിചൊല്ലാന്‍ തുങ്ങുന്ന കാലമായിരുന്നു. ഉണ്ണാമലക്കടയിലെ ഗാന്ധിവായനശാലയിലെ സൗഹൃദസദസ്സ് മലയാളത്തോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിച്ചു. വായനശാലയില്‍ എത്തുന്ന മലയാളം പത്രങ്ങളും പുസ്തകങ്ങളും താല്‍പര്യത്തോടെ വായിച്ചു. വായനശാലയില്‍ എത്തുന്നവരിലധികവും അദ്ധ്യാപകരായിരുന്നു. അവരില്‍ ചിലരാണ് മലയാളം സാഹിത്യവിശാരദ് പരീക്ഷയെക്കുറിച്ച് പറഞ്ഞത്. പലരും പറഞ്ഞെങ്കിലും പരീക്ഷ എഴുതാന്‍ ആരും തയ്യാറായില്ല. തോറ്റുപോകും എന്ന പേടിയായിരുന്നു കാരണം. ഗംഗാധരന്‍ ഒരു കൈ നോക്കാമെന്നു വെച്ചു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ആത്മധൈര്യമെന്നും പറയാം. എന്‍ബിഎസിന്റെ സാഹിത്യസംബന്ധിയായ പുസ്തകങ്ങളായിരുന്നു വഴികാട്ടി. സിലബസിനനുസരിച്ച പുസ്തകങ്ങളെല്ലാം വായിച്ചു. തിരുവനന്തപുരം ആര്‍ട്‌സ് കോളേജായിരുന്നു പരീക്ഷാകേന്ദ്രം. ഒരു പ്രതീക്ഷയുമില്ലാതെ പരീക്ഷ എഴുതി. ജയിച്ചവരില്‍ ആറാം സ്ഥാനക്കാരനായി ഗംഗാധരന്റെ പേര്. കേരളത്തില്‍ റഗുലര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരായിരുന്നു ജയിച്ച മറ്റുള്ളവരെല്ലാം. പഠനം സ്വയം നടത്തിയ തമിഴ്‌നാട്ടുകാരന്റെ പേരും അതിലുണ്ട്. ഫലം അത്ഭുതമല്ലെന്ന് ശരിക്കും ബോധ്യമായത് സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോഴാണെന്ന് പറയുന്ന ഗംഗാധരന്‍, തന്റെ ജീവിതം മാറ്റിമറിച്ച പരീക്ഷാഫലമായിരുന്നു അതെന്നും സാക്ഷ്യപ്പെടുത്തും. ഇന്നത്തെ പിജിയെക്കാള്‍ വിലയായിരുന്നു അന്ന് മലയാള വിശാരദിന്. നാട്ടിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഉടന്‍ മലയാളം അദ്ധ്യാപകനായി ജോലി കിട്ടി. കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടക്കുന്ന കാലം. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മലയാളം അദ്ധ്യാപകരെ എടുക്കുന്നതറിഞ്ഞ് അപേക്ഷിച്ചു. നെടുമങ്ങാട് മടത്തന കാണി സ്‌കൂളിലായിരുന്നു ആദ്യനിയമനം. പഠിപ്പിക്കലിനൊപ്പം പഠിത്തത്തിനുമായി ഗംഗാധരന്‍ സമയം ചെലവിട്ടു. മലയാളം ബിഎയും എംഎയും സ്വകാര്യമായി പഠിച്ച് പാസായതോടെ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കിടയിലെ വ്യത്യസ്ഥനായി ഗംഗാധരന്‍ മാഷ് മാറി. ബിഎഡും സ്വന്തമാക്കി. കേരള സര്‍വ്വകലാശാല ലക്‌സിക്കണ്‍ ലൈബ്രറിയില്‍ ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചു. 12 വര്‍ഷം അവിടെ സബ് എഡിറ്റര്‍. മഹാനിഘണ്ടുവായിരുന്നു ആദ്യം ചെയ്ത ജോലി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈബ്രറി സയന്‍സ് പരീക്ഷ പാസായി. തമിഴില്‍ ഡിപ്ലോമ നേരത്തെ ഉണ്ടായിരുന്നതിനാല്‍ ലൈബ്രറിയില്‍ തമിഴ് സംബന്ധിയായ കാര്യങ്ങള്‍ക്കെല്ലാം ഗംഗാധരന്റെ സേവനം ആവശ്യമായിരുന്നു. പിഎച്ച്ഡി എടുക്കണമെന്ന ആഗ്രഹത്തിനു മുന്നില്‍ കടമ്പകള്‍ ഏറെയുണ്ടായിരുന്നു. കോളേജില്‍ പോകാത്തയാള്‍ എങ്ങനെ പിഎച്ച്ഡി എടുക്കും എന്നതായിരുന്നു പ്രധാന പ്രശ്‌നം. വിദ്യാഭ്യാസ വകുപ്പിലെ ഏമാന്മാരെയെല്ലാം കണ്ട് കാര്യം അറിയിച്ചപ്പോള്‍ ഗവേഷണത്തിന് വഴിതുറന്നു. വഴികാട്ടിയായി കിട്ടിയത് പ്രൊഫ.എസ്.ഗുപ്തന്‍നായരെ. ഡോക്ടറേറ്റ് ഇല്ലാത്ത ഗുപ്തന്‍നായരെയാണ് സര്‍വ്വകലാശാല ഗൈഡായി നിയമിച്ചത്. കേരള വര്‍മ്മയുടെ സാഹിത്യ ജീവിതമായിരുന്നു ഗവേഷണ വിഷയം. ഗംഗാധരന്റെ ഗവേഷണം ആഴത്തിലേക്ക് പോയപ്പോള്‍ അതുവരെ കെട്ടിപ്പൊക്കിയ പല സങ്കല്‍പങ്ങളും പൊട്ടിത്തകര്‍ന്നു. സുകുമാര്‍ അഴീക്കോട് ചെയര്‍മാനായ സമിതിയാണ് കേരളവര്‍മ്മയെക്കുറിച്ചുള്ള പഠനത്തിന് ഗംഗാധരന് ഡോക്ടറേറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. മലയാള ഭാഷാ പഠനത്തിന്റെ പിതൃസ്ഥാനത്ത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ അവരോധിക്കാനുള്ള ചിലരുടെ സങ്കുചിത താല്‍പര്യം ഗംഗാധരന്റെ ഗവേഷണ പഠനം തുറന്നുകാട്ടി. അങ്ങനെ ഒരു സ്ഥാനം ആര്‍ക്കെങ്കിലും കൊടുക്കണമെങ്കില്‍ അതിനര്‍ഹന്‍ കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ മാത്രമാണെന്ന് തെളിയിച്ചു. ഭാഷാപഠനത്തിന് അടിത്തറയിട്ടത് ക്രിസ്ത്യന്‍ മിഷണറിമാര്‍ ആണെന്ന് വരുത്തിതീര്‍ക്കണം. ഭാഷാപോഷിണിയിലൂടെ ‘മലയാള മനോരമ’ ഇതിനായി ആവുന്നത്ര ശ്രമിച്ചു. ഡിസി ബുക്‌സും ഡോ.കെ.എം.ജോര്‍ജ്ജും ഒക്കെ തങ്ങള്‍ക്ക് കഴിയാവുന്ന തരത്തില്‍ ഇതിനായി ശ്രമം നടത്തി. മലയാളം അക്ഷരമാല ആദ്യമായി അച്ചടിച്ചത് മലയാള മനോരമയാണെന്ന് പ്രചരിപ്പിച്ചു. മനോരമ അച്ചടിച്ചു എന്നു പറയുന്ന വര്‍ഷത്തിന് 15 വര്‍ഷം മുമ്പേ കേരളവര്‍മ്മ തയ്യാറാക്കിയ ഒന്നാം പാഠപുസ്തകത്തില്‍ മലയാളം അക്ഷരമാല അച്ചടിച്ചിട്ടുള്ളതിന്റെ തെളിവ് ഗംഗാധരന്‍ കണ്ടെത്തി. ചെന്നൈയിലെ ദേശീയ ലൈബ്രറിയില്‍ പുസ്തകത്തിന്റെ പകര്‍പ്പിരുപ്പുണ്ടെന്ന സൂചന കിട്ടിയതിനെത്തുടര്‍ന്ന് അവിടെയെത്തി നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. ഇത് വ്യക്തമാക്കാന്‍ ഭാഷാപോഷിണിക്ക് എഴുതി. ലേഖനം പ്രസിദ്ധീകരിക്കുന്നതിനു പകരം പത്രലേഖകന്‍ വീട്ടിലെത്തി പോലീസ് പണി ചെയ്യുകയായിരുന്നു. അക്ഷരമാല അച്ചടിച്ച പുസ്തകത്തിന്റെ തനിപ്പകര്‍പ്പ് ഇല്ലെന്ന് ഉറപ്പാക്കാനായിരുന്നു ലേഖകന്റെ ശ്രമം. കാര്യം ബോധ്യപ്പെട്ടിട്ടും മനോരമ വിട്ടില്ല. അക്ഷരമാല ആദ്യമടിച്ചത് മനോരമയാണെന്ന് ലേഖനങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ആദ്യപാഠപുസ്തകം തയ്യാറാക്കിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നായിരുന്നു മറ്റൊരു പ്രചാരണം. ഗുണ്ടര്‍ട്ട് സായിപ്പ് ഒന്നും ചെയ്തില്ലെന്നു പറയുന്നില്ല. ഒരു പുസ്തകം തയ്യാറാക്കി. പക്ഷെ അതില്‍ അദ്ദേഹത്തിന്റെ സംഭാവന ഇല്ലെന്നു പറയാം. കുട്ടികള്‍ക്കായി ഒരുകഥ അദ്ദേഹത്തിന്റേതായി എഴുതിയിരുന്നു. പുസ്തകത്തിലെ ഏറ്റവും മോശം പാഠവും അതായിരുന്നു. പക്ഷെ കേരളവര്‍മ്മയുടെ കാര്യത്തില്‍ അതല്ല. തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെല്ലാം അദ്ദേഹത്തിന്റെ രചനകള്‍തന്നെ തലയെടുപ്പോടെ നിന്നു. കഥ, കവിത, നിരൂപണം, ഉപന്യാസം, സഞ്ചാരസാഹിത്യം എന്നീ മേഖലകളിലെല്ലാം കൈവച്ച കേരളവര്‍മ്മ അതെല്ലാം എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ പകര്‍ന്നു നല്‍കുകയും ചെയ്യും. കേരളവര്‍മ്മയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണ്ടര്‍ട്ട് വെറും വട്ടപ്പൂജ്യം മാത്രം. ഗംഗാധരന്‍ ഇത് സ്ഥാപിക്കുന്നത് രേഖകളുടെ അടിസ്ഥാനത്തിലായതിനാല്‍ നേരിട്ട് എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല. പിന്നത്തെ മാര്‍ഗ്ഗം ഗംഗാധരനെ ഒഴിവാക്കുക ഒറ്റപ്പെടുത്തുക എന്നതായിരുന്നു. ഗംഗാധരന്‍ പുറംലോകം കാര്യമായറിയാത്തയാളായി മാറിയെന്നതാണ് അതിന്റെ അനന്തരഫലം. ചാരുകസേരയില്‍ നിന്നെഴുന്നേറ്റ ഗംഗാധരന്‍ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലു ഭിത്തികളിലും മുഴുവന്‍ അലമാരകള്‍. നിറയെ പുസ്തകങ്ങള്‍. അപൂര്‍വ്വവും അത്യപൂര്‍വ്വവുമായ പഴയകാല പുസ്തകങ്ങളാണധികവും. മുറിയുടെ മധ്യത്തില്‍ ആള്‍പൊക്കത്തില്‍ പുതിയ പുസ്തകങ്ങള്‍ അട്ടിയടുക്കിവച്ചിരിക്കുന്നു. എല്ലാം ഡോ. തിക്കുറിശി ഗംഗാധരന്റെ തന്നെ രചനകള്‍. അക്ഷരമാല മുതല്‍ ഗ്രന്ഥസമീക്ഷവരെ, ഉലകുടൈപെരുമാള്‍ പാട്ടുകള്‍, ഇരവിക്കുട്ടിപിള്ള പോര് ഒരു പഠനം, തെക്കന്‍ പാട്ടിലെ തമ്പുരാന്‍ കഥകള്‍, വേണാടിന്റെ കഥാഗാനങ്ങള്‍ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഇരുപത്തിയഞ്ചിലധികം കൃതികള്‍. കേരളവര്‍മ്മയെക്കുറിച്ചു മാത്രമുണ്ട് ഏഴ് പുസ്തകങ്ങള്‍. ബാലസാഹിത്യവും ജീവചരിത്രവും ലേഖന സമാഹാരവും എല്ലാം ഇതിലുണ്ട്. വേണാടിന്റെ കഥാഗാനങ്ങള്‍ എന്ന ആയിരത്തിലധികം പേജുള്ള കൃതിയാണ് ഏറ്റവും പുതിയത്. ഭാഷയ്ക്കപ്പുറം ചില ഘടകങ്ങള്‍ കൂടി സാംസ്‌കാരിക ജീവിതത്തിന്റെ അടരുകളായിട്ടുണ്ട് എന്ന വസ്തുതകള്‍ക്ക് ദൃഷ്ടാന്തമാണ് ഈ പുസ്തകത്തിലെ ഓരോ ഗാനങ്ങളും. തന്റെ പുസ്തകത്തിന് പ്രസാധകരെ തേടാനൊന്നും ഡോ.ഗംഗാധരന്‍ മിനക്കെടാറില്ല. സ്വന്തം പണം മുടക്കിയാണ് പുസ്തകങ്ങളെല്ലാം അച്ചടിച്ചിരിക്കുന്നത്. അതിന്റെ വിറ്റുവരവിനെക്കുറിച്ചും വ്യാകുലതയില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം താല്‍പര്യമുള്ള പുസ്തകങ്ങളാണ് ഏറെയും. കണ്ടെത്തിയ രേഖകളായി അച്ചടിച്ചുവയ്ക്കുന്നുവെന്നേയുള്ളു. ആര്‍ക്കെങ്കിലും ഗുണപ്പെട്ടാല്‍ തന്നെ നല്ല കാര്യം. തന്റെ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ സാഹിത്യ കൈരളി എന്ന പേരില്‍ പ്രസാധന സ്ഥാപനവും ഡോ.ഗംഗാധരന്‍ തുടങ്ങി. ഭാര്യ പത്മാവതിയമ്മ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. അദ്ധ്യാപികയായിരുന്നു. മൂന്നുമക്കള്‍. പ്രേമചന്ദ്രന്‍, ഷീല, ലേഖ. പെണ്‍മക്കള്‍ അച്ഛന്റെ വഴിയേ നടന്നു. ഷീല ചിന്മയാസ്‌കൂളിലും ലേഖ ആര്യാസെന്‍ട്രല്‍ സ്‌കൂളിലും മലയാളം അദ്ധ്യാപികമാരായി.     കടപ്പാട്‌ ജന്മഭൂമി

© 2024 Live Kerala News. All Rights Reserved.