ജസ്റ്റിസ് കമാല്‍പാഷയുടെ ബെഞ്ചിലെത്തുമ്പോള്‍ കെ ബാബുവിന് കെ എം മാണിയുടെ അവസ്ഥയോ? ബാര്‍കോഴക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

കൊച്ചി: ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയിലേക്ക് കലാശിച്ചത് ജസ്റ്റിസ് ബി. കമാല്‍പാഷയുടെ പരാമര്‍ശമായിരുന്നു. ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് കെ ബാബുവും ബാര്‍ ഉടമകളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം പുറത്തുവരുമ്പോഴാണ് ഈ കേസും കമാല്‍പാഷയുടെ ബെഞ്ചിലേക്ക് നീങ്ങിയത്.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ ഹര്‍ജി ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ചിലേക്ക്. നേരത്തെ ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ പരിഗണിച്ച ഹര്‍ജിയാണ് ബുധനാഴ്ച ഇത്തരത്തില്‍ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ബാര്‍ കോഴക്കേസിലെ മറ്റ് ഹര്‍ജികള്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ചാണ് പരിഗണിച്ചത്. അതിനാലാണ് ബെഞ്ച് മാറ്റിയതെന്നാണ് അറിയുന്നത്.
ഈ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ബാര്‍ കോഴക്കേസ് സിബിഐ പോലുള്ള മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് ചോദിച്ചിരുന്നു. ഹര്‍ജിയില്‍ എതിര്‍കക്ഷി സ്ഥാനത്തുള്ള മുന്‍ മന്ത്രി കെഎം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കി കേള്‍ക്കാനിരിക്കെയാണ് ബെഞ്ച് മാറ്റം.
മുന്‍ മന്ത്രി മാണി കുറ്റം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ആ സാഹചര്യത്തില്‍ അവര്‍ക്കു കീഴിലെ അധികാരികള്‍ നടത്തുന്ന അന്വേഷണം നീതിപൂര്‍വകമാകുമോ എന്നും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ആരാഞ്ഞിരുന്നു. വിജിലന്‍സ് കോടതിയുടെ ഒക്ടോബര്‍ 29ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിച്ച് തുടര്‍ നടപടി അവസാനിപ്പിക്കണം. കെ എം മാണി രാജിവെയ്ക്കുകയും സമാനമായ ആരോപണം നേരിടുന്ന കെ ബാബു രക്ഷപ്പെടുകയും ചെയ്തതില്‍ യുഡിഎഫില്‍തന്നെ കുറച്ചുദിവസങ്ങളായി പൊട്ടലും ചീറ്റലും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബഞ്ച് മാറ്റം. ഇത് കെ ബാബുവിന്റെയും രാജിയില്‍ കലാശിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്

© 2024 Live Kerala News. All Rights Reserved.