പ്രളയത്തില്‍ മുങ്ങി ചെന്നൈ നഗരം; കനത്ത മഴ തുടരുന്നു; റോഡ്, റെയില്‍വേ ഗതാഗതം താറുമാറായി; വിമാനത്താവളം അടച്ചിട്ടു

ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. മൂന്നൂറിലേറെ പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. റെയില്‍, റോഡ് ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. 13 തീവണ്ടികള്‍ റദ്ദാക്കി. ഒറ്റപ്പെട്ടുപോയവരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അഡയാര്‍ നദിക്കരയില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇതുവരെ 3500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. താമ്പരം, ഊര്‍പാക്കം എന്നിവിടങ്ങളിലാണ് സൈന്യം രംഗത്തിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നാവിക സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിലെ മൃഗശാലയും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. മുടിച്ചൂരില്‍ ജലംസംഭരണി തകര്‍ന്ന് ഗ്രാമങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകി. ചൊവ്വാഴ്ച രാവിലെ അഞ്ച് സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചെന്നൈയിലെ പ്രധാന നാല് ജലസംഭരണികളായ ചെമ്പരമ്പാക്കം, പൂണ്ടി, റെഡ്ഹില്‍സ്, ചോഴാവരം എന്നിവ നിറഞ്ഞുകഴിഞ്ഞു. ഇവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

chnnnn

ഒരുമാസത്തോളമായി ചെന്നൈയിലും സമീപപ്രദേശങ്ങളിലും കനത്തമഴ തുടരുകയായിരുന്നു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ചയാണ് മഴ വീണ്ടുമെത്തിയത്. തമിഴ്‌നാട്ടില്‍ ഇതിനകം ഇരുന്നൂറോളം പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് കണക്ക്. നവംബറില്‍ മാത്രം 1049.3 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
കഴിഞ്ഞ നൂറുകൊല്ലത്തിനിടെ ഏറ്റവും കൂടുതല്‍ മഴകിട്ടിയത് 1918 നവംബറിലായിരുന്നു 1,088.3 മില്ലീമീറ്റര്‍. ഒരു നൂറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയ രണ്ടാം നവംബറാണ് കടന്നുപോയത്. കഴിഞ്ഞ മാസം ചെന്നൈയില്‍ ഏഴ് ദിവസം മാത്രമാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചത്. ചൊവ്വാഴ്ചയും മഴ കാരണം വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു. സ്‌കൂളുകള്‍ പലതും ദുരിതാശ്വാസക്യാമ്പുകളാക്കിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 60,000 പേരെയാണ് നവംബര്‍ ആദ്യവാരം മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയിലെ ഐ.ടി. കമ്പനികള്‍ അടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പല വ്യവസായശാലകളിലും വെള്ളം കയറി കോടികളുടെ യന്ത്രങ്ങള്‍ കേടായി. കനത്ത വെള്ളക്കെട്ടില്‍ പ്രവൃത്തിദിനങ്ങള്‍ മുടങ്ങിയതിലൂടെയുള്ള നഷ്ടം വേറെയാണ്. മിക്ക ഐ.ടി. കമ്പനികളിലെയും വലിയൊരു വിഭാഗം ജീവനക്കാര്‍ രണ്ടാഴ്ചയായി വീടുകളില്‍ നിന്നാണ് ജോലി ചെയ്യന്നത്. മഴ തുടരുന്ന പക്ഷം ചെന്നൈയിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ ഇത് കാര്യമായി ബാധിക്കും

© 2024 Live Kerala News. All Rights Reserved.