ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ വിട്ടുകിട്ടാന്‍ ബാംഗ്ലൂര്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി; രാഹുലും രശ്മിയും ഉള്‍പ്പെടെ ആറ് പ്രതികളെയാണ് വിട്ടുകിട്ടാന്‍ കര്‍ണാടക പൊലീസിന്റെ നീക്കം

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കര്‍ണാടകയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചതിന് രാഹല്‍ പശുപാലനും രശ്മി ആര്‍ നായര്‍ ഉള്‍പ്പെടെ ആറ് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനാണ് ബാംഗ്ലൂര്‍ പൊലീസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ബാംഗളൂര്‍ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സഹോദരിയെയും സംഘം പെണ്‍വാണിഭത്തിനായി കേരളത്തില്‍ എത്തിച്ച കേസിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ െബംഗളൂരു പോലീസ് അപേക്ഷ നല്‍കിയത്. തിരുവനന്തപുരത്തുള്ള പെണ്‍കുട്ടികളില്‍ നിന്ന്‌ െബാംഗ്ലൂര്‍ പോലീസ് മൊഴിയെടുത്തതായാണ് വിവരം. കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിലായിരുന്ന ഒന്നാം പ്രതി അക്ബര്‍ എന്ന അബ്ദുല്‍ ഖാദര്‍, രണ്ടുമുതല്‍ ആറുവരെ പ്രതികളായ ലെനീഷ് മാത്യു, രാഹുല്‍ പശുപാലന്‍, രശ്മി ആര്‍. നായര്‍, ആഷിഖ്, അജീഷ് എന്നിവരെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. ഇവരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സി ഡിസംബര്‍ 14വരെ വീണ്ടും റിമാന്‍ഡ് ചെയ്തു.

on

കസ്റ്റഡിയിലായിരുന്ന പ്രതികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമീപത്തെ ഹോട്ടലിലും പോണേക്കരയിലും എത്തിച്ച് തെളിവെടുത്തതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഒന്നാം പ്രതി അക്ബര്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളെ പുറത്തുവിട്ടാല്‍ ഇത് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ ആറാം പ്രതി അജീഷിനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റു ചെയ്യാന്‍ എറണാകുളം ഹില്‍ പാലസ് പോലീസും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ള ഏതാനും പേരെ കൂടി പൊലീസ് തിരയുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി കുരുക്കിലാക്കിയിരുന്ന അരുണ്‍ ജോഷിയുടെ മകന്‍ ജോയിസ് തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മുബീനയുടെ അമ്മയെ കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വ്യാപകമായി ഇങ്ങോട്ടുകടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.