രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വിവാദ പരമാര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ വര്‍ഗീയധ്രുവീകരണത്തിന് കേസെടുക്കാന്‍ നീക്കം

തിരുവനന്തപുരം: കോഴിക്കോട് പാളയത്ത് ഓടവൃത്തിയാക്കുന്നതിനിടെ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായത്തെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വര്‍ഗീയ ധ്രുവീകരണത്തിന് പൊലീസ് കേസ് എടുത്തേക്കും. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.പ്രസംഗം മതസ്പര്‍ദ വളര്‍ത്തുന്നതാണെന്നും വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപനും തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് നിയമവശങ്ങള്‍ പരിശോധിക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസംഗത്തിനെതിരെ അതിശക്തമായ രോഷമാണ് പലതലങ്ങളില്‍നിന്ന് ഉയരുന്നത്. ആര്‍എസ്എസിന്റെ പ്രചാരകനായി വെള്ളാപ്പള്ളി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതസ്പര്‍ദ വളര്‍ത്തുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സമകാലിക കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയഭ്രാന്തനാണ് വെള്ളാപ്പള്ളി നടേശനെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. കേരളത്തെ വര്‍ഗീയ കലാപത്തിലേയ്ക്ക് നയിക്കുന്ന ഒരു നീക്കം ഇതുപോലെ മുന്‍പ് ഉണ്ടായിട്ടില്ല. വെള്ളാപ്പള്ളിയുടെ ഈ ദുഷ്ടനീക്കം അനുവദിക്കാന്‍ കഴിയില്ല. വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുര്‍ന്നിട്ടും മാപ്പ് പറയാന്‍പോലും വെള്ളാപ്പള്ളി തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.