ബസ് വൈദ്യുതക്കമ്പിയിൽ തട്ടി; രാജസ്ഥാനിൽ 25 ബസ് യാത്രക്കാർ ഷോക്കേറ്റു മരിച്ചു

ജയ്പൂർ ∙ ഹൈ വോൾട്ടേജ് വൈദ്യുതക്കമ്പിയിൽ ബസ് തട്ടിയതിനെ തുടർന്ന് ടോങ്ക് ജില്ലയിൽ 25 ബസ് യാത്രക്കാർ ഷോക്കേറ്റു മരിച്ചു. ജില്ലയിലെ പച്ചേവാറിനു സമീപം സാൻസ് ഗ്രാമത്തിലാണ് അപകടം. കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്ത‍ിൽപ്പെട്ടത്.

അമ്പതിലേറെപ്പേർ ബസിലുണ്ടായിരുന്ന‍ു. ഇതിൽ 18 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏഴുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മാൽപ്പുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരുക്കേറ്റവരിൽ ഏറെപ്പേരുടേയും നില ഗുരുതരമാണ്. ഇവരിൽ പലരെയും ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇവിടെനിന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ മാൽപ്പുരയിലേക്ക് അയച്ചിട്ടുമുണ്ട്. അപകടമുണ്ടായി അൽപ സമയത്തിനകം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലാണ് പലരും രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയുണ്ടായ സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. അപകടം സൃഷ്ടിച്ച 11 കെവി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ നാളുകളായി ആവശ്യപ്പെടുന്നതായിരുന്നു. കലക്ടർ രേഖ ഗുപ്ത, എസ്പി ദീപക് കുമാർ തുടങ്ങി ജില്ലയിലെ റവന്യൂ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അപകടമറിഞ്ഞയുടൻ സംഭവസ്ഥലത്ത് എത്തി.

നാല് കാബിനറ്റ് മന്ത്രിമാരടക്കം ജനപ്രതിനിധികളും മറ്റും സംഭവസ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി വസുന്ധര രാജെ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

© 2024 Live Kerala News. All Rights Reserved.