കശ്മീര്‍ കുപ് വാരയില്‍ വനത്തിലൊളിച്ച ഭീകരസംഘവും കരസേനയും പോരാട്ടം മൂന്നാാം വാരത്തിലേക്ക്; ലഷ്‌കര്‍ ഇ തോയ്ബയോ ജയ്‌ഷെ മുഹമ്മദ് ഭീകരരോയെന്ന് വ്യക്തമല്ലെന്ന് കരസേന മേധാവി

ശ്രീനഗര്‍: കശ്മീര്‍ കുപ്‌വാരയില്‍ വനമേഖലയിലൊളിച്ച ഭീകരസംഘത്തെ തകര്‍ക്കാന്‍ കരസേനയുടെ ദൗത്യം രണ്ടാംവാരത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ലഷ്‌കറെ തോയ്ബയും ജയ്‌ഷെ മുഹമ്മദും ഇരുപത്തഞ്ചോളം ഭീകരരെ ഇന്ത്യ ലക്ഷ്യമിട്ട് പാക് അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നിയന്ത്രണരേഖയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സൈനികര്‍ക്കോ ഗ്രാമീണര്‍ക്കോ അപായം പിണയാതിരിക്കാനായി പലപ്പോഴും ഭീകരരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനാലാണ് ലക്ഷ്യം നീളുന്നതെന്ന് കരസേനയുടെ പതിനഞ്ചാം കോര്‍ മേധാവി ലഫ്. ജനറല്‍ സതീഷ് ദുവ പറഞ്ഞു. സായുധരായ ഒരു സംഘം ഭീകരരുടെ സാന്നിധ്യത്തെപ്പറ്റി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 13നാണ് മണിഗ വനമേഖലയില്‍ തെരച്ചില്‍ തുടങ്ങിയത്. 17നു നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ സന്തോഷ് മഹാദിക് രക്തസാക്ഷിയായി. ഒരു ഓഫീസര്‍ അടക്കം നാലുെൈസനികര്‍ക്കു പരുക്കേറ്റ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിക്കുകയും ചെയ്തു. ഭീകരര്‍ക്ക് സമീപ ഗ്രാമങ്ങളില്‍ ചിലയിടത്തുനിന്നു ഭക്ഷണം അടക്കമുള്ള സഹായങ്ങള്‍ കിട്ടുന്നുണ്ടെന്നാണെൈസന്യത്തിന്റെ നിഗമനം.
തിരച്ചിലിനായി പൈലറ്റില്ലാ വിമാനങ്ങളും വിന്യസിച്ചു. ദുര്‍ഘടമായ വനമേഖലയിലെ ദൗത്യം ഏറെ ദുഷ്‌കരമാണെങ്കിലും ഭീകരരെ കശ്മീര്‍ താഴ്‌വരയില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ലഫ്. ജനറല്‍ ദുവ പറഞ്ഞു. പാക് അധീന കശ്മീരില്‍ ഇവര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായവുമുണ്ട്. വടക്കന്‍ കശ്മീരിലെ കുപ്‌വാരയിലേക്കു നുഴഞ്ഞുകയറാനും ഭീകരതയോട് ആഭിമുഖ്യമുള്ള നാട്ടുകാരുടെ സഹായത്തോടെ കശ്മീരിലേക്കു കടക്കാനുമാണ് ഇവര്‍ക്ക് ഐ.എസ്.ഐ. നല്‍കിയിരിക്കുന്ന ഉപദേശം. ഈ സംഘത്തിലുള്ളവരാണ് മണിഗ വനമേഖലയില്‍ കരസേനയുമായി ഏറ്റുമുട്ടുന്നതെന്നു കരുതുന്നു. എന്തു ത്യാഗം സഹിച്ചും സംഘത്തെ തകര്‍ക്കുമെന്ന ഉറച്ച നിശ്ചയദാര്‍ഢ്യത്തിലാണ് കരസേന.

© 2024 Live Kerala News. All Rights Reserved.