ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ അനിവാര്യം; സഹായം വാഗ്ദാനം ചെയ്ത് ബാന്‍ കി മൂണ്‍

ജനീവ: ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍കൊണ്ടേ കഴിയുകയുള്ളുവെന്നും അതിനാവശ്യമായ സഹായം ഉണ്ടാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇന്ത്യ-പാക് ബന്ധം സുഗമമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബാന്‍ കി മൂണ്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ചര്‍ച്ചയാണ് ഏക പോംവഴി. ചര്‍ച്ചകള്‍ക്കായുള്ള എല്ലാ സഹായവും യു.എന്‍ നല്‍കുമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഭീകരവാദമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് സഹായിക്കുമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. സപ്തംബറില്‍ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന പൊതുചര്‍ച്ചയില്‍വെച്ച് രണ്ട് രാജ്യങ്ങളിലെ നേതാക്കന്മാരുമായും ചര്‍ച്ച നടത്തും. ഭീകരവാദം ലോകസമാധാനത്തിനുതന്നെ ഭീഷണിയായിരിക്കുകയാണ്. കനത്ത നഷ്ടങ്ങളാണ് ഇവ ലോകത്തിനു നല്‍കുന്നത്. ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി യു.എന്നിലെ അംഗരാഷ്ട്രങ്ങള്‍ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.