ബാര്‍ക്കോഴക്കേസില്‍ മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രതിഷേധം;നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭ ആരംഭിച്ചതും പ്രതിപക്ഷ ബഹളം. കെഎം മാണിക്കും കെ ബാബുവിനും രണ്ടുനീതി അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം ബഹളംവച്ചത്. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയാണ് ബഹളം വച്ചത്. സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ബാബുവിനെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയായിരുന്നു പ്രതിപക്ഷ ബഹളം. ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ശൂന്യവേളയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കുന്ന കീഴ്‌വഴക്കം സഭയ്ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, ഇത് അംഗീകരിക്കാതെ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ബഹളം വകവയ്ക്കാതെ കെ.ബാബു തുറമുഖ വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇതിനിടെ ബഹളം നിയന്ത്രണതീതമായതോടെയാണ് സഭ ഇന്നത്തേക്ക് പിരിയാന്‍ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.