ഫ്‌ളാറ്റ് മാഫിയക്കെതിരെ നടപടിയെടുത്ത തന്നെ മുഖ്യമന്ത്രി ജനവിരുദ്ധനാക്കി; മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: ഫഌറ്റ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനവിരുദ്ധനാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ര ഡി.ജി.പി ജേക്കബ് തോമസ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് അയച്ച കത്തില്‍ പറയുന്നു. 10 ദിവസത്തിനകം മുഖ്യമന്ത്രി പ്രസ്താവന തിരുത്തണം. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നു ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെടുന്നു. ഡിജിപി ടിപി സെന്‍കുമാര്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ഏല്‍പിച്ച കത്ത് മുഖ്യമന്ത്രിക്കു കൈമാറി. സംസ്ഥാന പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണു ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നത്. സത്യസന്ധനായ ഐ.പി.എസ്. ഉദ്യോഗസ്ഥനാണു താനെന്ന് പോലീസ് മേധാവിക്കു നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ഫ്‌ളാറ്റ് മാഫിയയെ നിയന്ത്രിക്കാന്‍ നടപടിയെടുത്തതു ജനസുരക്ഷയ്ക്കായാണ്. നിയമം നടപ്പാക്കിയ തന്നെ ജനവിരുദ്ധനെന്നും സര്‍ക്കാര്‍ നയങ്ങള്‍ അനുസരിക്കാത്തവനെന്നും മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കെതിരേ സിവിലായും ക്രിമിനലായും കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. 10 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെങ്കില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നു ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെടുന്നു. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവു സംബന്ധിച്ച്, സത്യം ജയിച്ചെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഫ്‌ളാറ്റ് മാഫിയയെ നിയന്ത്രിച്ചതിന്റെ പേരിലാണു ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്തുനിന്നു തന്നെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു ജേക്കബ് തോമസിനോടു സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിമര്‍ശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍നയം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അനാനവശ്യമായി തന്നെ ആക്ഷേപിച്ചതിനാണ് നിയമനടപടിക്കൊരുങ്ങുന്നതെന്ന് അദേഹത്തിന്റെ കത്തില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.