കാസര്‍ക്കോട് സദാചാര പൊലീസ് വിളയാട്ടം; അനാശാസ്യത്തിനെത്തിയതെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന് ക്രൂരമര്‍ദ്ധനം

കാസര്‍ഗോഡ്: ജില്ലയിലെ ബദിയടുക്കയില്‍ സദാചാര പൊലീസിന്റെ ഗുണ്ടാവിളയാട്ടം. അനാശാസ്യത്തിനെത്തിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരനെയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘം കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒരുലക്ഷം രൂപ വാങ്ങി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. കാസര്‍ഗോഡ് ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരന് ഒരു സംഘം കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തു വന്നത്. ഇയാളുടെ കൂടെ വന്നയാളെയും സംഘം മര്‍ദ്ദിക്കുന്നതായി ദൃശ്യത്തില്‍ കാണാം.

മര്‍ദ്ദനത്തിനിരയായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ബദിയടുക്ക സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇയാള്‍ക്കെതിരെ മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തിരിച്ച് പരാതി നല്‍കുകയായിരുന്നു. പിന്നിട് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പണം നല്‍കി സ്ത്രീകളുടെ പരാതി പിന്‍വലിപ്പിക്കേണ്ടിയും വന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും വാട്‌സ് ആപ്പ് വഴിയും പ്രചരിച്ചതോടെയാണ് പുറത്തറിയുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ ആക്രമികള്‍തന്നെ പകര്‍ത്തിയശേഷം പ്രചരിപ്പിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ദൃശ്യങ്ങള്‍ കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

© 2024 Live Kerala News. All Rights Reserved.