ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ വാരിക്കുഴിയായിരുന്നു ഇതിലും ഭേദം; കൊയ്ത്ത് കഴിഞ്ഞ പാടമോ ഇന്ത്യന്‍ പിച്ച്?

ന്യൂഡല്‍ഹി: ജയിക്കാന്‍ ഇന്ത്യ തിരഞ്ഞെടുത്ത വഴിയ്‌ക്കെതിരെയാണ് വ്യാപകവിമര്‍ശനമുയര്‍ന്നിരിക്കുന്നത്. സ്പിന്‍ എന്ന പേരില്‍ വാരിക്കുഴിയൊരുക്കിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടതെന്ന ചര്‍ച്ച ചൂടേറുന്നു. വിദേശ പിച്ചില്‍ ഇന്ത്യ മുട്ടുകുത്തുന്നതും പേസ് ബൗളര്‍മാര്‍ക്ക് ഗുണമുണ്ടാകുന്നതും ഇതാണ് കാരണം. വിദേശ പിച്ചില്‍ ഇന്ത്യ നേരിടുന്നത് ഇതേ അനുഭവമാണെന്നും ജയിക്കുകയാണ് പ്രധാനമെന്നും വിരാട് കോഹ്‌ലി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. ഇന്ത്യയിലേയും വിദേശത്തേയും താരങ്ങള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ തുടരുന്നു. വിദേശത്ത് വളരെ മോശമായ പിച്ചുകളില്‍ വെല്ലുവിളി നേരിട്ട് കളിച്ചപ്പോഴൊന്നും ഇന്ത്യ പരാതിപ്പെട്ടിട്ടില്ല. ഇതൊരു മാനസിക പ്രശ്‌നമാണ്. എവിടെയായാലും കളിക്കുക. ജയിക്കുകയാണ് പ്രധാനമെന്നും കോഹ്‌ലിയുടെ പക്ഷം. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പിച്ചിനെ കുറ്റം പറഞ്ഞില്ല. ഇതൊക്കെയാണ് പ്രതീക്ഷിച്ചതെന്ന ഭാവത്തില്‍ പ്രതികരണം ഒതുക്കി. മൊഹാലിയിലേയും നാഗ്പൂരിലേയും പിച്ചുകളെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്്‌സ്്വെല്ലും മാത്യു ഹെയ്ഡനും നേരത്തെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലായിരുന്നു ഇരുവരുടേയും പ്രതികരണം.

ഫലമുണ്ടാക്കുന്ന പിച്ചുകളാണ് ആവശ്യമെന്നും അഞ്ചു ദിവസം കളിച്ചാലും വിരസമായ സമനിലയില്‍ അവസാനിക്കുന്ന പിച്ചുകള്‍ എന്തിനുവേണ്ടിയെന്ന് ചോദിച്ച് സുനില്‍ ഗാവസ്‌കര്‍ ഇന്ത്യന്‍ പിച്ചുകളെ പിന്തുണച്ചു. ക്ഷമയോടെ ക്രീസിലുറച്ച് കളിക്കാന്‍ കഴിയാത്ത ബാറ്റ്്‌സ്മാന്‍മാര്‍ പിച്ചിനെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നാണ് ഗാവസ്‌കറുടെ പക്ഷം. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയ്ക്കും ഇതേ അഭിപ്രായമാണ്. പരമ്പരയിലാകെ 24 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ തന്റെ അനുഭവം പറഞ്ഞാണ് പിച്ചുകള്‍ക്കെതിരായ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കിയത്. സ്പിന്‍ അനുകൂല പിച്ചുകള്‍ ഇന്ത്യയോളം മിടുക്കന്‍മാരുണ്ടാകില്ല. പക്ഷ വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പലപ്പോഴും അടിവാങ്ങുന്നതും വിക്കറ്റ് പോകുന്നതും കാണാവുന്നതാണ്.

© 2024 Live Kerala News. All Rights Reserved.