സിപിഎം ജാഥാ ക്യാപ് റ്റനായി പിണറായി വിജയന്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണോ?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ആര് നയിക്കുമെന്ന ചോദ്യമുയരുമ്പോഴാണ് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പാര്‍ട്ടിയുടെം സംസ്ഥാന ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പിണറായിയെ ജാഥാ ക്യാപ്റ്റനായി തീരുമാനിച്ചത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് ജാഥ. യാത്രയുടെ പേരും മറ്റു അംഗങ്ങളെയും സംസ്ഥാന സമിതി തീരുമാനിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജാഥ സഞ്ചരിക്കും. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും ജാഥ നയിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ നിന്നും മാറി പിണറായിയെ ജാഥയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആയിരുന്നു ജാഥാ ക്യാപ്റ്റനായിരുന്നത്. എന്നാല്‍ അതിനു വിപരീതമായാണ് സിപിഎം പിണറായിയെ ജാഥാ ക്യാപ്റ്റന്‍ ആക്കുന്നത്. ഇതിലൂടെ അടുത്ത തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് സിപിഎം നല്‍കുന്നത്. ഇതിനു മുന്‍പ് നവകേരള യാത്രയ്ക്കും കേരള രക്ഷാ യാത്രയ്ക്കും നേതൃത്വം നല്‍കിയത് പിണറായി ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസ് അച്യുതാന്ദനന്റെയും പിണറായി വിജയന്റെയും ഡോ. തോമസ് ഐസകിന്റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോഴാണ് പാര്‍ട്ടി തീരുമാനം വരുന്നത്. തോമസ് ഐസക് മുഖ്യമന്ത്രിയാകണമെന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ എം പി പരമേശ്വരന്റെ അഭിപ്രായം പാര്‍ട്ടിയിലെ ഗ്രൂപ്പിനതീതമായി ചിന്തിക്കുന്നവരുടെ ആവശ്യമാണെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നുള്ള വിവരം. വി എസ്- പിണറായി പോര് തടയാന്‍ തോമസ് ഐസക്കിനെ മുന്നില്‍ നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നുള്ള ആവശ്യം കുറച്ചായി ഉയരുന്നുണ്ട്. ഇതിനിടെയാണ് പിണറായി ജാഥയുടെ ക്യാപ്റ്റനാകുന്നത്.

© 2024 Live Kerala News. All Rights Reserved.