വര്‍ഗീയ പ്രസ്ഥാനങ്ങളുമായി കോണ്‍ഗ്രസ് ഗ്രാന്‍ഡ് അലയന്‍സ് ഉണ്ടാക്കിയെന്ന് തൃശൂര്‍ അതിരൂപത; മാടമ്പിമാരെ നിയന്ത്രിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാഠം പഠിക്കും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ യുഡിഎഫിനുണ്ടായ കനത്തപരാജയത്തില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസിനുള്ളില്‍ അരങ്ങേറിയത് വര്‍ഗീയ പ്രസ്ഥാനങ്ങളുമായുളള കൂട്ടുകെട്ട് ആണെന്നും, ഇത് ഗ്രാന്‍ഡ് അലയന്‍സ് ആയിരുന്നെന്നുമാണ് അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയുടെ ആരോപണം.

ജയസാധ്യതയുളള ക്രൈസ്തവ നേതാക്കളെ വെട്ടിനിരത്തിയും, മത്സരിച്ച കത്തോലിക്കരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കുകയുമാണ് ഉണ്ടായത്. ഇത്തരത്തില്‍ ക്രൈസ്തവരുടെ വിലപേശല്‍ ശക്തി തകര്‍ക്കുകയായിരുന്നു കോണ്‍ഗ്രസില്‍ ചിലരുടെ ലക്ഷ്യമെന്നും ഇതിന് ചുക്കാന്‍ പിടിച്ചത് ഉന്നതനേതാക്കളാണെന്നും പറഞ്ഞുകൊണ്ട് തേറമ്പല്‍ രാമകൃഷ്ണനും, സി.എന്‍.ബാലകൃഷ്ണനും എതിരെ പരോക്ഷ വിമര്‍ശനവും കത്തോലിക്ക സഭ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്ന മാടമ്പിമാരെ നിയന്ത്രിക്കുവാന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും, അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും, പി.സി. ചാക്കോയുടെയും, ധനപാലന്റെയും തോല്‍വി ഓര്‍ക്കണമെന്നും കത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇടതുപക്ഷവുമായി കല്‍പ്പാന്തകാലം തങ്ങള്‍ക്ക് തൊട്ടുകൂടായ്മ ഇല്ലെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ സഭ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ക്കെ തൃശൂരില്‍ സീറ്റ് തര്‍ക്കങ്ങളും, മേയര്‍ അവകാശവാദവുമൊക്കെയായി വിവാദങ്ങളില്‍ കുരുങ്ങിയ യുഡിഎഫിന് കനത്ത പരാജയമാണ് ജില്ലയിലെമ്പാടും നേരിട്ടത്. മുന്‍ മേയര്‍ ഐ.പി.പോള്‍ ഉള്‍പ്പെടെയുളള പ്രമുഖരടക്കം അനേകംപേരാണ് തോല്‍വി ഏറ്റുവാങ്ങിയത്.

തൃശൂരിലെ പരാജയം സംബന്ധിച്ച് കെപിസിസി നേതൃത്വം തെളിവെടുപ്പ് നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൃശൂരിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് കത്തോലിക്ക സഭ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. നരേന്ദ്രമോഡി അധികാരത്തില്‍ ഏറിയതിനെ പുകഴ്ത്തിയും, തോല്‍വി കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയതാണെന്നുമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പുറത്തിറങ്ങിയ കത്തോലിക്ക സഭയില്‍ വ്യക്തമാക്കിയിരുന്നത്.

courtesy : southlive.in

 

© 2024 Live Kerala News. All Rights Reserved.