വരുന്നു ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം; ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന: കേരളം ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങുമ്പോള്‍ ബീഹാറില്‍ ഒരു മുഴം മുമ്പേ എറിഞ്ഞു മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. അടുത്ത ഏപ്രില്‍ മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനാണ് തീരുമാനം. ജനങ്ങള്‍ക്ക് മഹാസഖ്യം നല്‍കിയ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സമ്പൂര്‍ണ്ണ മദ്യനിരോധനം. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് സ്ത്രീപക്ഷ സംഘടനകള്‍ക്ക് നിതീഷ്‌കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. അത് പാലിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ എല്ലാവിധ മദ്യങ്ങളുടേയും വില്‍പ്പന നിര്‍ത്തുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു. ഇതിനായുള്ള നിയമനിര്‍മ്മാണങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. മദ്യഉപഭോഗത്തില്‍ രാജ്യത്ത് നാലാം സ്ഥാനം ബീഹാറിനാണ്. മദ്യവ്യവസായത്തിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും വ്യാജമദ്യ ലോബി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ആണ് സമയം അനുവദിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷിന്റെ വിപ്ലകരമായ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണുള്ളത്.

© 2024 Live Kerala News. All Rights Reserved.