വി എസിനെയും പിണറായിയെയും ആക്ഷേപിച്ചിച്ചിട്ടില്ല; തോമസ് ഐസക്കിന്റെ കഴിവിനെക്കുറിച്ച് പറഞ്ഞന്നേയുള്ളു; എം പി പരമേശ്വരന്റെ മറുപടി യുട്യൂബില്‍

കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ കണ്ണന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് അച്യുതാനന്ദനെയും പിണറായി വിജയനെയും ആക്ഷേപിക്കുന്ന രീതിയിലുള്ള ഒരു പരമാര്‍ശവുമുണ്ടായിട്ടില്ലെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ എം പി പരമേശ്വരന്‍. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഭിമുഖം വിവാദമായ സാഹചര്യത്തില്‍നടത്തിയ മറുപടിയുള്ളത്. അതേസമയം തോമസ് ഐസക് മികച്ച രാഷ്ട്രീയപ്രവര്‍ത്തകന്‍ തന്നെയാണ്. ഇഎംഎസ്സിന്റെയും എകെജിയുടേയും കഴിവുകള്‍ ചേര്‍ന്നയാളാണ് തോമസ് ഐസക്. അഭിമുഖത്തില്‍ വിഎസിനേയും പിണറായിയേയും അധിക്ഷേപിക്കുന്ന തരത്തില്‍ തോന്നല്‍ പലര്‍ക്കുമുണ്ടായി. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് രണ്ടരമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം തുടങ്ങുന്നത്.

താന്‍ അഭിമുഖത്തില്‍ വിവരം എന്ന വാക്ക് ഉപയോഗിച്ചത് ശാസ്ത്രീയ അര്‍ഥത്തിലാണ്. അല്ലാതെ വിവരക്കേടിന്റെ എതിര്‍വാക്ക് എന്ന അര്‍ഥത്തിലല്ല. വിവരസാങ്കേതിക വിദ്യ, വിജ്ഞാനവിപ്ലവം എന്നൊക്കെയുള്ള അര്‍ഥത്തിലാണ് താന്‍ അത് പറഞ്ഞത്. സഖാവ് ഇഎംഎസിനേയും സഖാവ് വി.എസ്സിനേയും താരതമ്യപ്പെടുത്തുകയുമാണ് താന്‍ ചെയ്തത്. ഇഎംഎസ് ഒരു സൈദ്ധാന്തികനാണ്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടാണ് ഇഎംഎസ് സംസാരിക്കാറുള്ളത്. സഖാവ് വി.എസ്സിന് കൂടുതല്‍ സാദൃശ്യം എ.കെ.ജിയോടാണ്, ജനങ്ങള്‍ വികാരത്തെയാണ് മാനിക്കുന്നതെന്നും ജനങ്ങളുമായി സമ്പര്‍ക്കപ്പെടുന്ന വ്യക്തിയുമാണ്. വിഎസിന്റെ പ്രാധാന്യവും അടിത്തറയും ജനങ്ങളുമായുള്ള ബന്ധമാണ്. അത്തരത്തിലുള്ള ജനബന്ധമല്ല പിണറായിക്കുള്ളത്. പിണറായി തന്ത്രങ്ങളും അടവുകളും മിനയുന്നതില്‍ സമര്‍ഥനാണ്. പക്ഷേ ഇഎംഎസിനെ പോലെ സൈദ്ധാന്തികനല്ല. ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം ഇഎംഎസ്സിന്റേയും എകെജിയുടേയും കഴിവുകള്‍ കൂടിയുള്ള ഒരാളാണ്. ആ കഴിവ് ഞാനിന്ന് കാണുന്നത് ഐസക്കിലേയുള്ളൂ. ഇപ്പോഴത്തെ സങ്കീര്‍ണാവസ്ഥയില്‍ ജനങ്ങളെ ബൗദ്ധികമായിട്ടും വൈകാരികമായിട്ടും നയിക്കാന്‍ കഴിവുള്ള ആള് വേണം. ഐസക്ക് തന്നെ വിചാരിച്ചാല്‍ പറ്റില്ല. പിണറായിയും വി.എസ്സും കൂടിചേര്‍ന്ന് ഐസക്കിന് പിന്തുണ നല്‍കുകയാണെങ്കില്‍ കേരളത്തിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ കുറേക്കൂടി എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കടുത്ത ഭാഷയില്‍തന്നെയാണ് എംപി പരമേശ്വരന്‍ വിഎസിനെയും പിണറായിയെയും വിമര്‍ശിച്ചത്. ഇതിനെതിരെ തോമസ് ഐസക് തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

 

© 2024 Live Kerala News. All Rights Reserved.