റഷ്യയോട് ഏറ്റുമുട്ടാനുള്ള ശക്തി തുര്‍ക്കിക്കുണ്ടോ? തുര്‍ക്കിയെ സാമ്പത്തികമായി ഉപരോധിക്കാന്‍ റഷ്യയുടെ തീരുമാനം; ഐ എസ് വിരുദ്ധ കൂട്ടായ്മയില്‍ വിള്ളല്‍

മോസ്‌കോ: റഷ്യയെപ്പോലെ സൈനികവും സാമ്പത്തികവുമായി മുന്‍നിരയില്‍ നില്‍ക്കുന്നൊരു രാജ്യത്തെ നേരിടാനുള്ള ശക്തി തുര്‍ക്കിപോലെയൊരു രാജ്യത്തിന് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. കണ്ണില്‍ച്ചോരയില്ലാതെ തിരിച്ചടിക്കാനുള്ള ശേഷിയുള്ള രാജ്യങ്ങളിലൊന്നുതന്നെയാണ് റഷ്യ. ലോകത്തിന് തന്നെ കടുത്ത ഭീഷണിയുര്‍ത്തുന്ന
ഐഎസിനെ തകര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണ് തുര്‍ക്കിയുടെ പ്രകോപനം. നാറ്റോയുടെ പിന്തുണയും. അതേസമയം തുര്‍ക്കി വീഴ്ത്തിയ റഷ്യന്‍ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ സിറിയയുടെയും റഷ്യയുടെയും കമാന്‍ഡോസംഘം രക്ഷിച്ചു. ക്യാപ്റ്റന്‍ കോണ്‍സ്റ്റാന്റിന്‍ മുറാഖ്തിന്‍ എന്ന പൈലറ്റിനെ 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് രക്ഷിച്ചത്. ക്യാപ്റ്റന്‍ മുറാഖ്തിന്‍ സിറിയന്‍ വിമതരുടെ പിടിയിലായെന്നും പിന്നീട് കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന പൈലറ്റ് ലഫ്. കേണല്‍ ഒലേഗ് പെഷ്‌കോവ് കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു. പൈലറ്റുമാരെ രക്ഷിക്കാന്‍പോയ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു റഷ്യന്‍ സൈനികന്‍ ബുധനാഴ്ച കൊല്ലപ്പെട്ടു. വിമതരുടെ വെടിവെപ്പിനിടെ അടിയന്തരമായി കോപ്റ്റര്‍ ഇറക്കവേയുണ്ടായ അപകടത്തിലാണിത്. ചൊവ്വാഴ്ചയാണ് റഷ്യയുടെ സുഖോയ് വിമാനം തങ്ങളുടെ അതിര്‍ത്തിലംഘിച്ചെന്നാരോപിച്ച് തുര്‍ക്കി വീഴ്ത്തിയത്. തുര്‍ക്കിയുമായുള്ള സൈനിക സാമ്പത്തിക ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചു. അപ്രഖ്യാപിത സാമ്പത്തികോപരോധത്തിനാണ് റഷ്യയുടെ ശ്രമം. തുര്‍ക്കിയിലേക്കുള്ള വിമാനസര്‍വീസുകളും റദ്ദാക്കി.

siry

അനുവാദമില്ലാതെ രാജ്യത്ത് പ്രവേശിക്കുന്ന യുദ്ധവിമാനങ്ങള്‍ വീഴ്ത്താന്‍ എല്ലാ അവകാശവുമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ നടപടിയെ പരസ്യമായി ന്യായീകരിക്കുന്നുണ്ടെങ്കിലും പ്രശ്‌നം വഷളാക്കാതിരിക്കാനാണ് മറ്റ് നാറ്റോ രാഷ്ട്രങ്ങളുടെ ശ്രമം. യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും സംയമനത്തിന് അഭ്യര്‍ഥിച്ചു. ഐഎസ്സിനെതിരെ യോജിച്ച പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോള്‍ റഷ്യതുര്‍ക്കി സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ വഴിതിരിയരുതെന്നാണ് അഭ്യര്‍ഥന. റഷ്യന്‍ വിമാനം 17 സെക്കന്‍ഡ് തുര്‍ക്കിയുടെ ആകാശത്തുണ്ടായിരുന്നെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍ തങ്ങളുടെ വിമാനം സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയായിരുന്നെന്ന് റഷ്യ ആവര്‍ത്തിച്ചു. ബോംബര്‍ വിമാനങ്ങള്‍ക്കൊപ്പം ഇനി ആകാശത്ത് വിമാനങ്ങളെ നേരിടാന്‍ശേഷിയുള്ള യുദ്ധവിമാനങ്ങളും അയയ്ക്കാന്‍ റഷ്യ തീരുമാനിച്ചു. വിമാനവേധ മിസൈലുകള്‍ ചെറുക്കാന്‍ശേഷിയുള്ള എസ്400 മിസൈല്‍ പ്രതിരോധകവചവും സിറിയയില്‍ വിന്യസിക്കും. ഇനിയൊരു പ്രകോപനമുണ്ടായാല്‍ നിര്‍ദയമായി തിരിച്ചടിക്കാനുള്ള തീരുമാനത്തിലാണ് റഷ്യ.

© 2024 Live Kerala News. All Rights Reserved.