വയനാട് ഡിസിസി സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവം; കെപിസിസി സമിതി സിറ്റിംഗിനിടെ സംഘര്‍ഷം; നേതാക്കള്‍ക്ക് നേരെ കരിഓയില്‍ പ്രയോഗം

മാനന്തവാടി: തിരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം കാലുവാരിയതിനെതുടര്‍ന്നാണ് വയനാട് ഡിസിസി സെക്രട്ടറി പി.വി. ജോണ്‍
ആത്മഹത്യ ചെയ്തത്. ഇത് അന്വേഷിക്കാനെത്തിയ കെപിസിസി സമിതിയിയുടെ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കെപിസിസി നേതാക്കള്‍ക്ക് നേരെ കരിഓയില്‍ പ്രയോഗവും ഉണ്ടായി. ജോണ്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന നേതാക്കള്‍ക്ക് എതിരെയാണ് കരിഓയില്‍ പ്രയോഗം നടത്തിയത്. മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര ഡിവിഷനില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.ജോണിന് 39 വോട്ടുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. തുടര്‍ന്നാണ് മാനന്തവാടിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നവംബര്‍ എട്ടാംതിയതി ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.ജോണിന്റെ ആത്മഹത്യാ കുറിപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുളളവരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ജോണിന്റെ ഭാര്യ ആകട്ടെ ഡിസിസി പ്രസിഡന്റ് കെ.എല്‍.പൗലോസിനെതിരെയും മുന്‍ മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തനിക്ക് പോയി ചത്തുകൂടെയെന്ന് പൗലോസ് പറഞ്ഞുവെന്നാണ് ജോണിന്റെ ഭാര്യ മറിയാമ്മ വ്യക്തമാക്കിയത്. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പി വി ജോണിനെ പരാജയപ്പെടുത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആരോപണമുള്ളത്.

© 2024 Live Kerala News. All Rights Reserved.