രാത്രികളില്‍ ഫോണ്‍വിളിയും മെസേജ് അയക്കലും ഹോസ്റ്റല്‍ സന്ദര്‍ശനവും പിന്നെ ശരീരമാസകലം തുറിച്ചുനോട്ടവും; അലിഗഢ് മലപ്പുറം സെന്ററിലെ അധ്യാപകനെതിരെ വിദ്യാര്‍ഥിനികള്‍ രംഗത്ത്

മലപ്പുറം: പകല്‍ എക്‌സ്ട്രാ ഡീസന്റെന്ന് തോന്നിക്കുന്ന രീതിയില്‍ നടക്കും. നേരമിരുട്ടിയാല്‍ മട്ടുമാറും. അലിഗഢ്് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിലെ അധ്യാപകനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത് വന്നിരിക്കുന്നത്. രാത്രിയായാല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിരന്തരം സന്ദര്‍ശനം നടത്തുകയും രാത്രിയില്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന പൊളിറ്റിക്കല്‍ സയന്‍സിലെ അധ്യാപകനായ ഡോഎം എച്ച് ഫരീദിക്ക് എതിരായി അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ഥികള്‍ ഇ- മെയിലില്‍ പരാതി അയച്ചിരുന്നു. എന്നിട്ടും നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് അലിഗഢ്് മുസ്ലീം സര്‍വകലാശാല മലപ്പുറം സെന്ററിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങുന്നത്. അധ്യാപകനെ പുറത്താക്കുംവരെ സമരംതുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. കഴിഞ്ഞ അധ്യായന വര്‍ഷം ഈ അധ്യാപകന്റെ ശല്യത്താല്‍ മാനസിക പീഡനത്തിനിരയായി ഒരു പെണ്‍കുട്ടി പഠിത്തം അവസാനിപ്പിച്ചതായും അധ്യാപകനായ ഫരീദിയെ പുറത്താക്കണം എന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടതായും വൈസ് ചാന്‍സലര്‍ക്ക് അയച്ച പരാതിയില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ലഖ്‌നൗവില്‍ നിന്നും രണ്ടംഗ ഔദ്യോഗിക സംഘം ക്യാമ്പസില്‍ എത്തുന്നുണ്ട്.

AMU-off-Campus-Malappuram

രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥിനി അധ്യാപകനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. എല്ലായ്‌പ്പോഴും ഫരീദി സര്‍ അനുവാദമില്ലാതെ പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുവാന്‍ ശ്രമിക്കുമെന്നും തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് സെക്‌സ് അപ്പീലും അനാവശ്യ കമന്റുകള്‍ പാസാക്കുമെന്നും രാത്രികളില്‍ ഫോണ്‍വിളിക്കുകയും വാട്‌സാപ്പ് സന്ദേശങ്ങള്‍ നിരന്തരം അയയ്ക്കുകയും ചെയ്യും. അതേസമയം തനിക്ക് എതിരെയുളള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ക്യാമ്പസിലും ഹോസ്റ്റലിലും അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ മാത്രമാണ് താന്‍ ശ്രമിച്ചിരിക്കുന്നതെന്നും ഡോ.എം.എച്ച്. ഫരീദി വ്യക്തമാക്കി. ബിഎഡ്, എംബിഎ, എല്‍എല്‍ബി കോഴ്‌സുകളിലായി 400ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന അലിഗഡ് സെന്ററില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ അധ്യാപകനെ നീക്കം ചെയ്യുക എന്നാവശ്യത്തിന് പുറമെ ക്യാംപസില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം അധ്യാപകനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉന്നത സമിതിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് സെന്റര്‍ ഡയറക്റ്റര്‍ എഎച്ച് അബ്ദുള്‍ അസീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നതിനെതിരെ പടവാളെടുക്കുന്നവരാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലയെന്നതാണ് യാഥാര്‍ഥ്യം.

© 2024 Live Kerala News. All Rights Reserved.