സിഇടി എഞ്ചിനീയറിംഗ് കോളജിന് പിന്നാലെ ശാസ്താംകോട്ട ഡിബി കോളജിലും പെണ്‍കുട്ടിയെ വാഹനമിടിച്ചുവീഴ്്ത്തി; ബൈക്കിടിച്ച് പരിക്കേറ്റ സയനയുടെ നില അതീവ ഗുരുതരം; ഹൈക്കോടതി വിധിക്ക് പുല്ലുവില

കൊല്ലം; തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ ശാസ്താംകോട്ട ഡിബി കോളജില്‍ ക്ലാസ് കഴിഞ്ഞിറവെ ബൈക്കിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം. കൊല്ലം മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനി സയനെയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചതിനെത്തുടര്‍ന്ന് ക്യാമ്പസിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും ക്യാമ്പസിനുള്ളില്‍ അപകടം സംഭവിക്കുന്നത്. ഒന്‍പത് മണിക്കുശേഷം യാതൊരു കാരണവശാലും വാഹനങ്ങള്‍ ക്യാംപസില്‍ കയറ്റരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഡിബി കോളജ് വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തിയത്. സയനയുടെ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മാത്രമെ കൂടുതല്‍ വിവരം പറയുവാന്‍ സാധിക്കുകയുള്ളുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഇന്നലെ വൈകിട്ടാണ് ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിനിയെ ക്യാംപസിനുള്ളില്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ആരെയോ തിരിഞ്ഞുനോക്കിക്കൊണ്ട് വിദ്യാര്‍ഥി ബൈക്കോടിച്ചുവന്നതാണ് അപകട കാരണം.കോളെജിലെ രണ്ടാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിയായ സയന പോരുവഴി കമ്പലടി പുത്തന്‍വിള തെക്കതില്‍ സിദ്ദിഖിന്റെ ഭാര്യയാണ്. നിയമംലംഘിച്ച് ക്യാമ്പസില്‍ വാഹനം കയറ്റിയ സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.