ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതി അക്ബറിന് മനുഷ്യക്കടത്ത് കേസുമായി ബന്ധം; വിസിറ്റിംഗ് വിസയില്‍ നിരവധി സ്ത്രീകളെ ഇയാള്‍ ഗള്‍ഫിലേക്ക് കടത്തി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അബ്ദുല്‍ ഖാദര്‍ എന്ന അക്ബറിന് നേരത്തെ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത മനുഷ്യക്കടത്ത് കേസുമായി ബന്ധമുള്ളതായി പൊലീസിന് സൂചന ലഭിച്ചു. അടുത്തിടെ അഞ്ച് സ്ത്രീകളെ ഇയാള്‍ വിദേശത്തേക്ക് കടത്തിയിരുന്നു. ഇപ്പോള്‍ ഒളിവിലുള്ള രാഹുല്‍ പശുപാലന്റെ അടുത്ത സഹായിയും രശ്മി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ളതുമായ മുബീനയെയാണ് അവസാനം വിദേശത്തയയ്ക്കാന്‍ ശ്രമിച്ചത്.
പള്ളുരുത്തി, ചാവക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അക്ബറിനെതിരെ കേസുണ്ട്. ഇതിലൊരെണ്ണം കവര്‍ച്ചാകേസാണ്. അടുത്തിടെ ബഹ്ൈറനിലേക്ക് ഒരു സ്ത്രീയെ കയറ്റി അയച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇയാള്‍ക്കെതിരെയുള്ളതായി പോലീസിന് വിവരം ലഭിച്ചു.

കഴിഞ്ഞദിവസം അറസ്റ്റുചെയ്ത അച്ചായന്‍ എന്ന ജോഷി, ഇയാളുടെ സഹായി അനൂപ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ജോഷിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതി പരിഗണിക്കും. പത്തുവര്‍ഷത്തോളമായി പെണ്‍വാണിഭരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്ക് ഉന്നതബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഇരകളെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. തോപ്പുംപടി, ആലുവ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇയാളുടെ പേരില്‍ സമാനമായ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി വശീകരിക്കുന്ന അരുണ്‍ എന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജോഷിക്കൊപ്പം പിടിയിലായ അനൂപ് പെണ്‍വാണിഭസംഘത്തിന്റെ സാങ്കേതികവിദഗ്ദ്ധനായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഇയാള്‍ക്ക് സംഘവുമായി അതില്‍ക്കവിഞ്ഞുള്ള ബന്ധമില്ലെന്ന് പോലീസ് പറയുന്നു. സാങ്കേതികസഹായത്തിന് അനൂപ് പണം വാങ്ങിയിരുന്നു. ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നു.

അക്ബര്‍ വിസിറ്റിങ് വിസയിലാണ് സ്ത്രീകളെ വിദേശത്തയച്ചത്. ഒരാളെ കടത്തുന്നതിന് ഒരുലക്ഷം രൂപയോളം ഇയാള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നു്. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് അന്വേഷണസംഘം ഇവരെ വലയിലാക്കാന്‍ അക്ബറുമായി ബന്ധപ്പെട്ടപ്പോള്‍ ഒളിവിലുള്ള മുബീനയുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. മുബീന വഴിയാണ് പണമിടപാടുകള്‍ നടന്നതെന്നും അക്ബര്‍ പോലീസിനോട് വെളിപ്പെടുത്തി.ഒരുവര്‍ഷം മുമ്പ് രാഹുല്‍ പശുപാലന്‍ വഴി ഇടപാട് നടത്തിയിട്ടുണ്ടെന്ന് ജോഷി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാത്രം കൈമാറ്റം ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് ജോഷി പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തില്‍ നിന്നാണ് അക്ബര്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തിയതെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.