തുര്‍ക്കിക്ക് പിന്നാലെ റഷ്യന്‍ ഹെലികോപ്റ്റര്‍ തിരച്ചില്‍സംഘത്തിന് നേരെ സിറിയന്‍ വിമതരുടെയും ആക്രമണം; റഷ്യന്‍ പൈലറ്റ് മരിച്ചു; പശ്ചിമേഷ്യ പുകയുന്നു

ലദാക്കിയ: അതിര്‍ത്തിലംഘിച്ചെന്ന് കാണിച്ച് തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ യുദ്ധവിമാനത്തിലെ പൈലറ്റുമാര്‍ക്കായി തിരിച്ചില്‍ നടത്തുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെ സിറിയന്‍ വിമതരും ആക്രമണം നടത്തി. സംഭവത്തില്‍ ഒരു റഷ്യന്‍ മറീന്‍ കൊല്ലപ്പെട്ടതോടെ റഷ്യ കൂടുതല്‍ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്്. വിമാനം തകര്‍ന്നുവീണയിടത്ത് തിരച്ചില്‍ നടത്തുകയായിരുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെയാണ് സിറിയന്‍ വിമത സേന വെടിയുതിര്‍ത്തത്. യുദ്ധവിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാളെ ഇന്നലെ വിമതസേന വധിച്ചിരുന്നു. മറ്റൊരാളെക്കുറിച്ച് വിവരവുമില്ല.
തിരച്ചിലിനിടെ റഷ്യയുടെ എംഐ8 ഹെലികോപ്റ്ററിന് നേരെയാണ് സിറിയന്‍ വിമത സേന തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ വിജനമായ സ്ഥലത്ത് അടിയന്തരമായി ഇറക്കിയെങ്കിലും മോര്‍ട്ടാര്‍ ആക്രമണത്തില്‍ അത് തകര്‍ന്നതായും മറീന്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്തു നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇവ സിറിയയിലെ ലദാക്കിയയിലുള്ള റഷ്യന്‍ എയര്‍ ബേസില്‍ സുരക്ഷിതമായി ഇറക്കിയതായും ലഫ്.ജനറല്‍ സെര്‍ജീ രഡസ്‌കോയ് അറിയിച്ചു.
അതിനിടെ വിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ മേഖലയില്‍ തുര്‍ക്കിയ്ക്ക് പിന്തുണയുമായി നാറ്റോ രംഗത്തെത്തി. തുര്‍ക്കിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയില്‍ തുര്‍ക്കിയുടെ ഭൂപരമായ താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്നതായും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ ബര്‍ഗ് പറഞ്ഞു. വിമാനം വീഴ്ത്തിയത് ഭീകരവിരുദ്ധ യുദ്ധത്തിനിടെ പിറകില്‍ നിന്നും കുത്തിയതിന് തുല്യമാണെന്ന് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ഇതിന് തുര്‍ക്കി ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനം തകര്‍ത്തതിനാല്‍ തുര്‍ക്കിയുമായുള്ള സൈനിക ഉടമ്പടികള്‍ ലംഘിക്കുന്നതായും സിറിയയിലെ റഷ്യന്‍ ദൗത്യത്തിന് തടസ്സമുണ്ടാകുന്ന എന്തും നേരിടാന്‍ എയര്‍ ഡിഫന്‍സ് സിസ്റ്റമുള്ള പടക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ റഷ്യന്‍ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്ത് ടാര്‍ഗറ്റും തകര്‍ക്കുന്നതിനാണിതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ക്ക് അകമ്പടി വിമാനങ്ങളും ഉണ്ടാകും. പശ്‌മേഷ്യസംഘര്‍ഷം അതിന്റെ പാരമ്യത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധത്തിനുള്ളൊരു കോപ്പുകൂട്ടലായിതിനെ വിദഗ്ധര്‍ വിലയിരുത്തുന്നു.

© 2024 Live Kerala News. All Rights Reserved.