ബിയര്‍ അടിച്ച് ഫിറ്റായി ക്ലാസിലെത്തിയ നാല് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; സഹപാഠിയുടെ ജന്മദിനാഘോഷത്തിന് അടിച്ചുപൊളിച്ചവരാണ് പുറത്തായത്

നാമക്കല്‍: സഹപാഠിയുടെ ജന്മദിനത്തിന് ബിയര്‍ അടിച്ചുഫിറ്റായി ക്ലാസിലെത്തിയ നാല് പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് ടിസി നല്‍കി പുറത്താക്കിയത്. നാമക്കലിലെ തിരുച്ചെങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ ക്ലാസ് വിദ്യാര്‍ഥിനികളാണ് ബിയര്‍ കഴിച്ച് ക്ലാസിലെത്തിയത്. മഴ മൂലം സ്‌കൂളിന് അവധിയായിരുന്നെങ്കിലും പ്ലസ് വണ്ണിലെ ക്ലാസ്സിലെ ഏഴ് പെണ്‍കുട്ടികള്‍ അന്ന് സ്‌കൂളിലെത്തി. സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ കുപ്പികളില്‍ ബിയര്‍ നിറച്ചാണ് ചില വിദ്യാര്‍ഥിനികള്‍ വന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സംസാരിക്കുമ്പോള്‍ നാവ് കുഴയുന്നത് മനസ്സിലാക്കിയ ക്ലാസ് അധ്യാപികയാണ് വിവരം പ്രധാന അധ്യാപികയെ ധരിപ്പിച്ചത്. സംഭവം അന്വേഷിക്കാന്‍ പ്രധാന അധ്യാപിക ഒരു പാനലിനെ നിയോഗിച്ചു. ഏഴ് കുട്ടികളില്‍ നാലു പേര്‍ ബിയര്‍ കഴിച്ചെന്നാണ് പാനല്‍ കണ്ടെത്തിയത്. പാനലിന്റെ റിപ്പോര്‍ട്ട് പ്രധാന അധ്യാപിക ചീഫ് എഡുക്കേഷന്‍ ഓഫീസര്‍ക്ക് കൈമാറി. ബിയര്‍ കഴിച്ച കുട്ടികളെ ടി.സി. കൊടുത്ത് പറഞ്ഞുവിടാന്‍ ചീഫ് എജുക്കേഷനല്‍ ഓഫീസറാണ് നിര്‍ദേശം നല്‍കിയത്. നാലുപേര്‍ക്കും ടി.സി. നല്‍കിയതായി ചീഫ് എജുക്കേഷണല്‍ ഓഫീസര്‍ എസ്. ഗോപിദാസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.