ബിജെപിക്ക് തിരിച്ചടികളുടെ കാലം; ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കനത്ത പ്രഹരം; നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ രത്‌ലാം ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉറപ്പായി. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ പകുതിയിലധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ അറുപതിനായിരത്തിലധികം വോട്ടുകള്‍ക്കു മുന്നിലാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിലെ വാറംഗലില്‍ ടി.ആര്‍.എസ്. സ്ഥാനാര്‍ത്ഥി ഏറെ മുന്നിലാണ്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്.
ബി.ജെ.പിയുടെ ദിലീപ് സിംഗ് ഭൂരിയയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ദിലീപ് സിംഗിന്റെ മകള്‍ നിര്‍മ്മല ഭൂരിയയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ പിന്തുണയോടെ മത്സരിക്കുന്ന ജെ.ഡി.(യു) സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിയെന്നതാണ് മറ്റൊരു പ്രത്യേകത.
മധ്യപ്രദേശിലെ ദേവാസ് നിയമസഭ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഗായത്രി രാജെ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്്. ഇതും ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം ബിജെപിയെ തളര്‍ത്തുമെന്നകാര്യത്തില്‍ സംശയമില്ല. മോഡി തരംഗമുണ്ടായ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകളില്‍ 27 ബിജെപി നേടിയിരുന്നു. വെറും രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇവിടെ വിജയിച്ചത്. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറി 18 മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തെപ്പോലും പിടിച്ചുനിര്‍ത്താനാവാതെ ബിജെപി നിലംപതിക്കുന്ന അവസ്ഥയായിരിക്കുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 45 ആയി. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തില്‍ നിന്ന് കരകയറാതെ നില്‍ക്കെ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയംകൂടി വന്നതോടെ ബിജെപി കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്ടു.

© 2024 Live Kerala News. All Rights Reserved.