ഹാന്‍ഡ് ഹോക്കിതാരങ്ങള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിനിടിച്ചു; കായികതാരങ്ങള്‍ ഉള്‍പ്പെടെ നാലുമരണം

എടപ്പാള്‍: എറണാകുളം ജില്ലാ ഹാന്‍ഡ് ബോള്‍ ടീം അംഗങ്ങള്‍ സഞ്ചരിച്ച കാര്‍ മലപ്പുറം ജില്ലയിലെ എടപ്പാളിനടത്തുവച്ച് വൈദ്യുതിപോസ്റ്റിലിച്ച് നാലുപേര്‍ മരിച്ചു. എടപ്പാല്‍പൊന്നാനി റോഡില്‍ ബിയ്യം ചെറിയ പാലത്തിനടത്ത് വച്ചാണ് അപകടമുണ്ടായത്. അമല്‍ കൃഷ്ണ(15), സുധീഷ്(16), അതുല്‍, സേവ്യര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കോഴിക്കോട് നടന്ന മത്സരത്തില്‍ പങ്കെടുത്ത് എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ടത്. വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സമീപത്തുണ്ടായിരുന്ന മരത്തില്‍ തട്ടിയാണ് താഴ്ചയിലേയ്ക്ക് വീണത്. പത്ത് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും നാല് പേരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 23 ന് രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ മരിച്ച സേവ്യര്‍ എടപ്പാള്‍ പഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്ക് ആണ്. ടീമിലെ അംഗമായ ബിജോയിയുടെ ബന്ധുവാണ് സേവ്യര്‍. രണ്ട് ദിവസത്തിനിടെ രാണ്ടാമത്തെ അപകടമാണ് മലപ്പുറത്ത് നടക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ്സ് ലോറിയുമായി കൂട്ടിയിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചത് ഇന്നലെ പുലര്‍ച്ചെയായിരുന്നു.

© 2024 Live Kerala News. All Rights Reserved.