നിയമത്തിന്റെ കണ്ണ് വെട്ടിക്കാന്‍ തടിയന്റവിടെ നസീറിന്റെ മൊബൈല്‍ഫോണ്‍ നിര്‍ദേശം; ലഷ്‌കര്‍ ഇ തൊയിബക്ക് കേരളത്തിലും വേരുകളുണ്ട്?

ബാംഗ്ലൂര്‍: നിയമത്തിന്റെ കണ്ണുവെട്ടിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ട വഴികളും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിടെ നസീറിന്റ കത്തിലുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കൂട്ടാളികള്‍ക്കാണ് തടിയന്റവിട നസീറിന്റെ മാര്‍ഗരേഖ. വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഫോണ്‍ ഓണ്‍ ചെയ്യരുതെന്ന് തുടങ്ങി പത്രപരസ്യങ്ങളിലെ നമ്പറുകളിലേക്ക് അടിക്കടി വിളിക്കണമെന്ന് വരെയാണ് നിര്‍ദേശങ്ങള്‍. പുതുതായി സംഘത്തില്‍ ചേര്‍ന്നവരില്‍ ഒരാള്‍ക്ക് എഴുതുന്ന കത്തിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് തടിയന്റവിട നസീര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ജയിലില്‍ നിന്ന് താന്‍ കൊടുത്തയക്കുന്ന പുതിയ സിം കാര്‍ഡ് പുതിയ ഫോണിലിട്ടേ ഉപയോഗിക്കാവൂ എന്നാണ് ആദ്യ നിര്‍ദേശം. മുന്‍പ് മറ്റേതെങ്കിലും സിംകാര്‍ഡിട്ട ഫോണില്‍ പുതിയ സിം ഇട്ടാല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നിര്‍ദേശം. രണ്ടാമതായി, വീടിന്റെയോ താമസിക്കുന്ന സ്ഥലത്തിന്റെയോ അഞ്ച് കിലോമീറ്ററിനുള്ളില്‍ ഫോണ്‍ ഓണ്‍ ചെയ്യാനേ പാടില്ലെന്ന് പറയുന്നു. ടവര്‍ ലൊക്കേഷന്‍ കണക്കാക്കി ഉപയോഗിക്കുന്നയാളെ തിരിച്ചറിയാതിരിക്കാനാണ് ഇത്. മൂന്നാമതായി, ഫോണ്‍ ഓഫായിരിക്കുമ്പോഴും ബാറ്ററിയും ഫോണും തമ്മില്‍ ബന്ധമുണ്ടാകരുതെന്ന് നസീര്‍ ഓര്‍മിപ്പിക്കുന്നു. പകരം, ബാറ്ററിയും ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് പിന്നുകള്‍ക്കിടയില്‍ പേപ്പര്‍ കടത്തിവച്ച് കണക്ഷന്‍ കട്ടാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. നാലാമതായി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വെറും പരിചയക്കാരെയോ പോലും ഈ നമ്പറില്‍ നിന്ന് വിളിക്കരുത്. പകരം നസീര്‍ നല്‍കുന്ന നിര്‍ദേശം വിചിത്രമാണ്. പത്രങ്ങളില്‍ കാണുന്ന പരസ്യങ്ങളിലെ നമ്പറുകളിലേക്ക് അടിക്കടി വിളിക്കണം ദീര്‍ഘനേരം സംസാരിക്കണം. ഫോണ്‍ ആരെങ്കിലും പരിശോധിക്കാന്‍ ഇടയായാല്‍ ഏതെങ്കിലും ഒരു പ്രത്യേക നമ്പറിലേക്ക് മാത്രമാണ് പതിവായി വിളിക്കുന്നതെന്ന് തിരിച്ചറിയാതിരിക്കാനാണിത്.

ജയിലാലെണെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കോര്‍ഡിനേറ്റ് ചെയ്യുന്നത് തടിയന്റവിടെ നസീര്‍തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഈ കത്ത്. ലഷ്‌കര്‍ കമാന്‍ഡറായ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍ പുറത്തിപ്പോഴും സജീവമാണെന്നതിനര്‍ഥം ലഷ്‌കര്‍ ഭീകരവാദികള്‍ ഇവിടെയും സജീവമായി പ്രവര്‍ത്തിക്കുന്നവെന്നതാണ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെടെ പ്രവര്‍ത്തിച്ച കൊടുകുറ്റവാളിയായ നസീറിന് വേണ്ടി മലബാറിന്റെ വിവിധഭാഗങ്ങളില്‍ ആളുകളുണ്ടെന്നതിന്റെ തെളിവായാണ് ഈ കത്ത്. ഇത് സംബന്ധിച്ച് എന്‍ഐഎ കേരളത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.