യുഎസ് പൗരന്‍മാര്‍ക്ക് യാത്രമുന്നറയിപ്പ്; ഐഎസിനെ ആക്രമിക്കാന്‍ ഫ്രാന്‍സിന് ബ്രിട്ടന്‍ താവളമൊരുക്കും

വാഷിങ്ടണ്‍: ഇസ്ലാമിക സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനമുള്ള യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകള്‍, അല്‍ഖായ്ദ, ബോകോ ഹറാം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി ആക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. 2016 ഫെബ്രുവരി 24 വരെ ഈ മുന്നറിയിപ്പിന് കാലാവധിയുള്ളതായും യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ യുഎസ് പൗരന്മാരെ മാത്രം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഫ്രാന്‍സ്, റഷ്യ, മാലി എന്നിവയടക്കം നിരവധി രാജ്യങ്ങളില്‍ ഭീകരാക്രമണം നടന്നിരുന്നു.
സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈപ്രസിലെ ബ്രിട്ടന്‍ വ്യോമതാവളം ഉപയോഗിക്കാന്‍ ഫ്രാന്‍സിന് അനുമതി നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന് ഈ വാഗ്ദാനം നല്‍കിത്. ഭീകരാക്രമണത്തിനിരയായ ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പാരിസിലെത്തിയതായിരുന്നു കാമറോണ്‍. ഐഎസ് ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ട സംഗീതനിശ നടന്ന ബാറ്റക്ലൂന്‍ ഹാളും രണ്ട് നേതാക്കളും സന്ദര്‍ശിച്ചു. ഐഎസ് ഭീഷണിയുടെ സാഹചര്യത്തില്‍ 1200 കോടി പൗണ്ട് കൂടി സൈന്യത്തിനായി നീക്കിവെക്കുമെന്ന് കാമറോണ്‍ വ്യക്തമാക്കി. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടും. സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ ബ്രിട്ടനും വരുംദിവസങ്ങളില്‍ പങ്കാളിയാകും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഐഎസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.