പൊലീസ് നിയമനത്തട്ടിപ്പ് കേസിലെ ശരണ്യയുടെ കൂട്ടാളിയും പിടിയില്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം

ആലപ്പുഴ: പോലീസ് നിയമനതട്ടിപ്പുകേസിലെ മുഖ്യപ്രതി ശരണ്യുടെ കൂട്ടാളിയായ പൊലീസുകാരനും ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി ശരണ്യയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദീപിനെയും എസ്.ഐ. സന്ദീപിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. നിയമനത്തട്ടിപ്പില്‍ ശരണ്യയ്‌ക്കൊപ്പംചേര്‍ന്നാണിയാള്‍ പ്രവര്‍ത്തിച്ചത്. കേസിലെ പ്രധാനപ്രതിയായ ശരണ്യയുമായി 1150 തവണ ഇയാള്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നതായും കോളുകള്‍ മണിക്കൂറുകളോളം നീണ്ടതായും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പോലീസ് നിയമനത്തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം സംശയത്തിന്റെ നിഴലിലായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ പടീറ്റതില്‍ ശരണ്യയും (24) ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരിലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നതരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.