വിഎസും വെള്ളാപ്പള്ളിയും വീണ്ടും കൊമ്പുകോര്‍ത്തു; യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ജലസമാധിയാകുമെന്ന് വിഎസ്; 51 വെട്ടിന്റെ പാരമ്പര്യമില്ലെന്ന് വെള്ളാപ്പള്ളി

കാസര്‍കോട്: സമത്വമുന്നേറ്റ യാത്രയുമായി വെള്ളാപ്പള്ളി മുന്നോട്ടുപോകുന്നതിനിടെ വീണ്ടും വിഎസിന്റെ വക ആഞ്ഞടി. തിരിച്ചടിച്ച് വെള്ളാപ്പള്ളിയും മാധ്യമങ്ങളില്‍ താരമായി. സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ ആര്‍എസ്എസ്സുകാരുടെ വേഷമായ നിക്കറും വെള്ള ഷര്‍ട്ടുമായിരിക്കും വെള്ളാപ്പള്ളിക്കെന്നും വയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നും വി.എസ് അഭിപ്രായപ്പെട്ടു.സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ താന്‍ ഇതേ വേഷത്തില്‍ തന്നെയുണ്ടാകുമെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. കാലുപൊള്ളിയ കുരങ്ങന്റെ അവസ്ഥയിലാണ് വി.എസ് പ്രതികരിക്കുന്നത്. ജലസമാധിയെന്നത് വി.എസ്സിന്റെ മോഹം മാത്രമാണ്. ജഡമായി കിടന്ന വി.എസ്സിനെ ഈ അവസ്ഥയിലെത്തിച്ചത് സമത്വ മുന്നേറ്റ യാത്രയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തോടുമുള്ള വെല്ലുവിളിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യാത്രയുടെ പേരില്‍ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നു. സിപിഎമ്മിനേട് സഹതാപമുണ്ട്. 51 വെട്ട് വെട്ടുന്നതല്ല എസ്എന്‍ഡിപിയുടെ പാരമ്പര്യം സ്‌നേഹം നല്‍കുന്നതാണ് ശൈലിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1000 കോടി രൂപയുടെ കള്ളപ്പണം വെള്ളാപ്പള്ളിയുടെ കൈവശമുണ്ട്. അത് സര്‍ക്കാരിന് കൈമാറണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി താന്‍ കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് വി.എസ്സിന്റെ മകനെ ഏല്‍പിച്ചിട്ടുണ്ട്. വി.എസ്സിന്റെ മകന്‍ അത് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുമെന്നും വെള്ളാപ്പള്ളി തിരിച്ചടിച്ചു.
സമത്വമുന്നേറ്റ യാത്ര തുടങ്ങാന്‍ തീരുമാനമെടുത്തതുമുതല്‍ അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പല ആരോപണങ്ങളുമുണ്ടായി. ഇതിന്റെ പിന്നിലെ ശക്തി തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ട്. അവരത് തിരിച്ചറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ഇന്നാരംഭിച്ച സമത്വമുന്നേറ്റ യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും മൈക്രഫിനാന്‍സ് തട്ടിപ്പ്‌കേസിലും വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വിഎസ് രംഗത്ത് വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.