ഒരു കോടിയുടെ കാരവനില്‍ വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്ര തുടങ്ങി; സിനിമാതാരങ്ങള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനത്തിന്റെ മാതൃകയില്‍

കാസര്‍ക്കോട്: സിനിമാതാരങ്ങള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനത്തിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഒരുകോടിയുടെ കാരവനിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഞ്ചാരം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമത്വ മുന്നേറ്റ യാത്രയാണ് കാസര്‍ക്കോട് തുടങ്ങിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് യാത്രയ്ക്ക് അഭിവാദ്യവുമായി എത്തിയത്. വെള്ളാപ്പള്ളി നടേശന് യാത്രയില്‍ സഞ്ചരിക്കാനായി നിര്‍മിച്ച പ്രത്യേക വാഹനത്തിന് ഒരു കോടി രൂപ വിലവരുമെന്നാണ് ആരോപണം. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ആഡംബര കാരവനില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. വിശ്രമിക്കുന്നതിനും ഭക്ഷണം തയ്യാറാക്കി കഴിക്കുന്നതിനും യാത്രയ്ക്ക് ഇടയില്‍ നേതാക്കന്മാരുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുന്നതിനും ആധുനിക ബാത്ത് റൂം സൗകര്യവും ശീതികരിച്ച കാരവന്റെ പ്രത്യേകതയാണ്. പീതവര്‍ണ്ണമണിഞ്ഞ കാരവന്‍ കാസര്‍ക്കോട് നിന്ന് പ്രയാണം തുടങ്ങിക്കഴിഞ്ഞു.

എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ പ്രഖ്യാപനം അടക്കം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന പല തീരുമാനങ്ങള്‍ക്കും സമത്വ മുന്നേറ്റ യാത്ര വേദിയായേക്കും.ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹമരണം, മൈക്രോഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളില്‍ കുരുങ്ങിയ വെള്ളാപ്പള്ളി അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെ് യാത്ര നടത്തുന്നതെന്ന ആരോപണവുമായി ഇടതുപക്ഷം രംഗത്തുവന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.