നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അമരത്ത് ആരാകും?വിഎസോ പിണറായിയോ?

എസ്. വിനേഷ് കുമാര്‍

 

 

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കവെ ഇടതുമുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ കുറച്ച് ദിനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനുമൊക്കെ നല്‍കിക്കൊണ്ടിരിക്കുന്നത്. സി ദിവാകരന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി എസ് അച്യുതാനന്ദന്റെ പേര് പറഞ്ഞതോടെ സിപിഎം ഔദ്യോഗിക നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രകാശ് കാരാട്ട് മാറി ജനറല്‍സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി വന്നതോടെ വി എസ് ക്യാമ്പുകള്‍ സജീവമാകുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് പിന്നീട് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇടതും വലതും ഒന്നിടവിട്ട കാലങ്ങളില്‍ അധികാരത്തില്‍ വരികയാണ് പതിവ്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് തിരിച്ചടി നല്‍കിയെങ്കിലും സെമിഫൈനല്‍ ആയി ഇരുമുന്നണികളും വിലയിരുത്തിയ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുന്നതിനൊപ്പെം മുന്നേറ്റം നടത്തുകയുമുണ്ടായി. വി എസിനെ മുന്നില്‍ നിര്‍ത്തിയതിന്റെ ഫലംകൂടിയായിരുന്നിത്. സംഘ്പരിവാര്‍ ഭീഷണി, ബീഫ് വിവാദം, യുഡിഎഫിലെയും കോണ്‍ഗ്രസിലും തമ്മിലടി തുടങ്ങിയവയ്‌ക്കൊപ്പം ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് ഗുണകരമായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കേരളം കണ്ടതില്‍ മികച്ച പെര്‍ഫോമന്‍സും പോരാട്ടനിരയില്‍ തളരാതെയുള്ള മുന്നേറ്റവുമാണ് വിഎസിന് ജനപ്രീതിയുണ്ടാക്കിയത്. കഴിഞ്ഞതവണ പ്രതിപക്ഷനേതാവായിരിക്കെ വിഎസ് നടത്തിയ പോരാട്ടങ്ങളോട് കേരളജനതയും മാധ്യമങ്ങളും ഒരുപോലെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. 2006ലെ തിരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയിലെ ഒരുവിഭാഗവും മാധ്യമങ്ങളും ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്നത് പാര്‍ട്ടിയെ മാറിചിന്തിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കി. സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗം പാലൊളി മുഹമദ് കുട്ടിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു പാര്‍ട്ടിതീരുമാനം. പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടി നിലപാട് മാറ്റുകയായിരുന്നു. വിഎസിന് വേണ്ടി സംസാരിച്ചവരെയും പ്രാദേശികക്കമ്മിറ്റികളെയും ഔദ്യോഗിക നേതൃത്വം ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുന്നതാണ് പിന്നീട് കണ്ടത്. വിഎസിന്റെ സെക്രട്ടറിമാരായ ഷാജഹാന്‍, ശശിധരന്‍, എ. സുരേഷ് തുടങ്ങിയവര്‍ ഇക്കാലയളവില്‍ പുറത്തേക്ക് പോയി. വിഎസിന് വേണ്ടി നിലകൊണ്ടിട്ടും പുറത്താക്കാനുള്ള നീക്കം തടഞ്ഞില്ലെന്നും അദേഹം അവസരവാദിയാണെന്നും പറഞ്ഞ് മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ഷാജഹാന്‍ രംഗത്ത് വന്നിരുന്നു.

kodi

അടുത്തതവണയും മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ വിഎസ് തന്നെയാണെന്നാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെയെല്ലാം നിലപാട്. എന്നാല്‍ ഈ നിലപാട് ഉറക്കെ പ്രഖ്യാപിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇവരെ നിശബ്ദമാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ സിപിഐയുടെ നിലപാട് സിപിഎമ്മില്‍ വലിയചര്‍ച്ചകള്‍ക്ക് വരുംദിവസങ്ങളില്‍ വഴിവെയ്ക്കുകതന്നെ ചെയ്യും. മാത്രമല്ല ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകളും ഫലത്തില്‍ വിഎസിന് അനുകലമാണ്. പോളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും ഇക്കാര്യത്തില്‍ വിഎസ് അനുകൂലനിലപാട് സ്വീകരിച്ചാല്‍ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് സിപിഎം കണ്ണൂര്‍ ലോബിയിലൂടെ ഉണ്ടാകുക. വിഎസ്-പിണറായി വിഭാഗീയത വീണ്ടും ഉടലെടുത്താല്‍ കോടിയേരി മധ്യസ്ഥന്റെ റോളിലാണുണ്ടാകുക. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയും പ്രശ്‌നങ്ങളുമില്ലാതെ കൊണ്ടുപോവുകയെന്ന ശ്രമകരമായ ദൗത്യമാണ് കോടിയേരി ഏറ്റെടുക്കുക. പിണറായിയെ തലയ്ക്ക് മുകളില്‍ വളര്‍ത്താനും കോടിയേരിക്ക് താല്‍പര്യമില്ല. ബദല്‍രേഖ വിവാദത്തില്‍ എംവി രാഘവനും ഇ കെ നായനാര്‍ക്കുമെതിരെ പരസ്യമായ നീക്കങ്ങള്‍ നടത്തിയ വിഎസിനൊപ്പമായിരുന്നു പിണറായി അന്ന് നിലകൊണ്ടത്. നായനാര്‍ തള്ളിപ്പറഞ്ഞതോടെ എംവിആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു. എംവിആറിന്റെ പുറത്താകലിന് പ്രധാനകാരണം വിഎസിന്റെ കുടിലനീക്കങ്ങള്‍ തന്നെയായിരുന്നു. ചടയന്റെ ഗോവിന്ദന്റെ മരണശേഷം സംസ്ഥാനസെക്രട്ടറിപദവിയിലെത്തിയ പിണറായി പാലക്കാട്, മലപ്പുറം സമ്മേളനങ്ങള്‍ക്ക് ശേഷമാണ് കടുത്ത വിഎസ് വിരുദ്ധ നിലപാടിലേക്ക് നീങ്ങിയത്. വിഎസിനോട് അനുഭാവം പുലര്‍ത്തുന്നവരെയെല്ലാം കുലംകുത്തികളായിക്കാണുന്ന നിലപാട് തന്നെയാണ് ഇന്നേവരെയും പിണറായി സ്വീകരിച്ചുപോന്നത്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയെല്ലാം കണ്ണടച്ച് വിമര്‍ശിക്കുന്ന പിണറായിക്ക് പൊതുസമൂഹത്തില്‍ മോശം ഇമേജ് ഉണ്ടാക്കിയത് ഇത്തരം വിമര്‍ശനംകൊണ്ടായിരന്നു. മീഡിയ സിന്‍ഡിക്കേറ്റ് പ്രയോഗവുമായി പിണറായി രംഗത്തുവന്നപ്പോള്‍ ആ വാദത്തെ വിമര്‍ശിച്ച് വിഎസും രംഗത്തുവന്നു. തിരഞ്ഞെടുപ്പില്‍ പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിയെ ആനയിച്ചു നടന്നതും വര്‍ഗീയ കക്ഷികളുമായുള്ള ചങ്ങാത്തവും രൂക്ഷമായ ഭാഷയില്‍ വിഎസ് വിമര്‍ശിക്കുകയുണ്ടായി. ആരോപണപ്രത്യാരോപണങ്ങളും അഭിപ്രായവ്യത്യാസങ്ങളും അതിര് കടന്നതോടെ കേന്ദ്രനേതൃത്വം ഇടപെടുകയും രണ്ടുപേര്‍ക്കെതിരെയും അച്ചടക്കനടപടിയുമുണ്ടായി. പോളിറ്റ് ബ്യൂറോയില്‍ നിന്ന് വിഎസ് പുറത്താകുന്ന സ്ഥിതിവിശേഷവുമുണ്ടായി.

Sitaram-Yechuri-VS-Achuthanandan-Full

ആലപ്പുഴയില്‍ ഈ വര്‍ഷം നടന്ന പാര്‍ട്ടിസമ്മേളനത്തില്‍നിന്ന് വിഎസ് ഇറങ്ങിപ്പോയതായിരുന്നു പിന്നീട് ഏറെ ചര്‍ച്ചയായത്. എം സ്വരാജ്, ജി. സുധാകരന്‍ ഉള്‍പ്പെടെ വിഎസിനെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ എം എ ബേബി, തോമസ് ഐസക് ഉള്‍പ്പെടെയുള്ള സംയമനംപാലിച്ചു. 64ല്‍ സ്റ്റേറ്റ് കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎമ്മിന് ആളും അര്‍ഥവും നല്‍കിയ നേതാവെന്ന നിലയില്‍ വിഎസിനെ മാറ്റിനിര്‍ത്തിയൊരു മുന്നേറ്റം അസാധ്യമാണെന്ന് മറ്റാരെക്കാളും യച്ചൂരിക്കറിയാം. മാത്രമല്ല വിഎസിന്റെ ജനസമ്മിതിതന്നെയാണ് തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതെന്ന് യച്ചൂരിക്കൊപ്പം എല്‍ഡിഎഫിലെ ഘടകക്ഷികളും ഉറച്ച് വിശ്വസിക്കുന്നു. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ജനസമ്മിതിയിടിവും ആശയപ്രതിസന്ധിയുംമൂലം പിന്നോക്കംപോയ സിപിഎം തദ്ധേശ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുന്നതാണ് കണ്ടത്.
വിഎസിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അധികാരത്തില്‍ വരുമെന്ന ഉറച്ചവിശ്വാസം യച്ചൂരി പ്രകടിപ്പിച്ചിരുന്നു. മത്സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ബീഫ് വിവാദത്തില്‍ സംഘ്പരിവാറിനെയും എസ്എന്‍ഡിപിയിലെ മൈക്രഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിയെയും അര്‍ഥവത്തായി വിമര്‍ശിക്കാന്‍ വിഎസിനോളം മറ്റാര്‍ക്കും കഴിഞ്ഞതുമില്ല. പിണറായിക്ക് വേണ്ടി വിഎസ് വിരുദ്ധനിലപാടുകളുമായി മുന്നോട്ട് പോകുന്ന സമീപനമാണ് എല്ലാകാലവും ജയരാജന്‍മാരും ചെയ്തിരുന്നത്. എന്നാലിത്തവണ അത്തരത്തിലൊരു നീക്കം തടയാനായില്ലെങ്കില്‍ കേന്ദ്രത്തിന്റെ പഴിമുഴുവന്‍ കോടിയേരിക്കാവും. വീണ്ടും മുഖ്യമന്ത്രിയാകുന്നതില്‍ താല്‍പര്യക്കുറവില്ലെന്നുള്ള വിഎസിന്റെ നിലപാട് പാര്‍ട്ടികേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. എസ്എന്‍സി ലാവലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തുനില്‍ക്കുന്നതിനിടെയാണ് വിഎസ് വീണ്ടും വെടിപൊട്ടിക്കാനിറങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.