രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ക്ക് കാരണം സോഷ്യല്‍ മീഡിയയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം; ദാദ്രിയാണ് ഉദാഹരണം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് പ്രധാനകാരണം സോഷ്യല്‍മീഡിയ വഴിയുള്ള പ്രകോപനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഓരു സംഭവമുണ്ടാകുമ്പോള്‍ സോഷ്യല്‍മീഡിയ വഴി ഇത് വ്യാപിക്കുകയും തെറ്റിദ്ധാരണകളിലൂടെയിത് പ്രകോപനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2015 ഒക്ടോബര്‍ വരെ രാജ്യവ്യാപകമായി 630 വര്‍ഗീയ കലാപങ്ങളുണ്ടായി. ഇതില്‍ 68 പേര്‍ കൊല്ലപ്പെട്ടു. കലാപങ്ങള്‍ വ്യാപിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെയുളള ഇടപെടല്‍ കാരണമായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷമുണ്ടായ കലാപങ്ങളില്‍ പരിക്കേറ്റത് 1899 പേര്‍ക്കാണ്. കഴിഞ്ഞ 4 മാസത്തിനിടെ മാത്രം നടന്നത് 300 കലാപങ്ങള്‍. ഓരോ മാസവും 75 കലാപങ്ങള്‍വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014 ല്‍ 644 വര്‍ഗീയ സംഘര്‍ഷങ്ങളും 2013 ല്‍ 823 കലാപങ്ങളുമാണ് രാജ്യത്തുണ്ടായത്. കലാപങ്ങളെല്ലാം പ്രാദേശിക സ്വഭാവമുളളതും ചെറുതുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫരീദാബാദിലെ പളളിക്കു നേരേയുണ്ടായ അക്രമവും ദാദ്രിയിലെ കൊലപാതകവുമാണ് പ്രധാനസംഭവങ്ങളായി റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നത്. സോഷ്യല്‍മീഡിയ വഴി വര്‍ഗീയ ആശയങ്ങള്‍ വ്യാപകമാകുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

© 2024 Live Kerala News. All Rights Reserved.