ഏഴ് മീറ്റര്‍ ഉയരത്തില്‍ തിരമാല വീശിയടിക്കാന്‍ സാധ്യത: ഒമാന്‍ തീരത്ത് ജാത്രതാ നിര്‍ദ്ദേശം..

മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട അശോഭ ചുഴലിക്കാറ്റ് തീരത്തോട് ഏറ്റവും അടുത്തത്തെി. കരയില്‍നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള മസീറ ദ്വീപ്, തെക്കന്‍ ശര്‍ഖിയയിലെ റാസല്‍ മദ്റക്ക വഴി കൊടുങ്കാറ്റ് തീരത്ത് പ്രവേശിക്കുമെന്നാണ് ഒടുവിലത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെ കാറ്റ് തെക്കന്‍ ശര്‍ഖിയ മേഖലയില്‍ വീശിയടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, തീരത്തോട് അടുത്തതോടെ കാറ്റിന്‍െറ ശക്തിയും ചലനവേഗവും കുറഞ്ഞതാകാം കാറ്റ് കരയോട് അടുക്കാന്‍ വൈകുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. തീരത്തുനിന്ന് ഏതാണ്ട് 130 കിലോമീറ്റര്‍ അകലെയാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറ്റുള്ളത്. കാറ്റിന്‍െറ ശക്തി 65 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. കാറ്റ് തീരം തൊടുന്നതോടെ ന്യൂനമര്‍ദമായി തീരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ കാറ്റ് തീരത്തോട് അടുത്തതിന്‍െറ സൂചനയായി തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്‍െറ വിവിധയിടങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ജാലാന്‍ ബനീ ബുആലി, ബുഹസന്‍, ദഫ്ഫ, അല്‍കാമില്‍, അല്‍വാസില്‍, ലഷ്കറ, തിവി, മസീറ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. സൂര്‍, റാസല്‍ഹദ്ദ് പരിസരത്തും മഴ ലഭിച്ചു. പമസീറ ദ്വീപില്‍ വൈകീട്ടോടെയാണ് മഴ തുടങ്ങിയത്. ആറുമണിക്ക് ശേഷം ശക്തമായ മഴ തുടരുകയാണെന്നും അന്തരീക്ഷം മേഘാവൃതമാണെന്നും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഡോ. അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഏതാണ്ട് ആയിരത്തോളം ഇന്ത്യക്കാരാണ് മസീറയിലുള്ളത്. രാത്രിയോടെ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
തെക്കന്‍ ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാന്‍ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. വടക്കന്‍ ശര്‍ഖിയ, മസ്കത്ത്, ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ഹജര്‍ പര്‍വതനിരകള്‍ എന്നിവിടങ്ങളില്‍ കൊടുങ്കാറ്റിന്‍െറ പ്രതിഫലനങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒമാന്‍ തീരത്തെ കടല്‍ പ്രക്ഷുബ്ധമാണെന്നും തിരമാലകള്‍ ഏഴുമീറ്റര്‍ വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പെട്രോള്‍ അടക്കം അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വസജമാണെന്ന് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത പാലിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും നിര്‍ദേശം നല്‍കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.